താനൂരിൽ കുട്ടിയെ ഉപദ്രവിച്ച് ലൈംഗികാതിക്രമം; മണിക്കൂറുകൾക്കകം പ്രതി പിടിയിൽ

November 10, 2026 - By MalappuramMedia

താനൂർ: പ്രായപൂർത്തിയാകാത്ത കുട്ടിയെ തടഞ്ഞുനിർത്തി ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത കേസിലെ പ്രതിയെ മണിക്കൂറുകൾക്കകം താനൂർ പൊലീസ് പിടികൂടി. എളേരക്കാട് ജമാൽപീടിക സ്വദേശി ഇബ്രാഹിം മുത്തൈസിർ (27) ആണ് പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് താനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കുട്ടിയെ കഴുത്തിന് പിടിച്ച് അമ്പലത്തിലേക്കുള്ള ഇടവഴിയിൽ തടഞ്ഞുനിർത്തി മർദിച്ചതായും സിഗരറ്റുകൊണ്ട് മുഖത്ത് പൊള്ളലേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് വസ്ത്രങ്ങൾ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം നടത്തിയെന്നാണ് ആരോപണം. കുട്ടിയും രക്ഷിതാവും പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചതിനെത്തുടർന്ന് നടത്തിയ അടിയന്തര അന്വേഷണത്തിൽ താനൂർ ബീച്ച് പരിസരത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.

പ്രതിക്കെതിരെ മുൻപും സമാന കുറ്റകൃത്യങ്ങളിൽ കേസുകളുണ്ടെന്നും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് വിവരം. ലഹരി ഉപയോഗത്തെത്തുടർന്ന് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നയാളാണെന്നും സൂചനയുണ്ട്. താനൂർ പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ മുൻപ് നാലോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Category: താനൂർ

Recent

Load More