ജില്ലാ സ്കൂൾ കലോത്സവം: ആലത്തിയൂരിൽ കലാനഗരി ഉണരുന്നു; പന്തലിന് കാൽനാട്ടി

November 18, 2026 - By Malapuram

ആലത്തിയൂർ: മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പന്തൽ നിർമാണത്തിന് തുടക്കമായി. പ്രധാന വേദിയായ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ് കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ കലോത്സവ രക്ഷാധികാരി കൂടിയായ വി.എസ്. ജോയ് എം.എൽ.എ കാൽനാട്ടി ഉദ്ഘാടനം നിർവഹിച്ചു.
ഈ മാസം 28 മുതൽ ഡിസംബർ അഞ്ച് വരെയാണ് കലോത്സവം. 20 വേദികളിലായി 350 ഓളം ഇനങ്ങളിൽ പതിനായിരത്തോളം മത്സരാർഥികൾ മാറ്റുരയ്ക്കും.
സ്റ്റേജ് പന്തൽ കമ്മിറ്റി ചെയർമാൻ എ.കെ. സലീം അധ്യക്ഷത വഹിച്ചു. ഡി.ഡി.ഇ എം.കെ. സക്കീന മുഖ്യപ്രഭാഷണം നടത്തി. കൺവീനർ എം.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു.
തുപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് മുജീബ് പൂളക്കൽ, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് മുബാറക്ക്, പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ജസ്ന ബാനു, ജില്ലാ പഞ്ചായത്ത് അംഗം ആരതി പ്രദീപ്, കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ഇ. ഉമേഷ് കുമാർ, രാഷ്ട്രീയ കക്ഷി നേതാക്കളായ എം. അബ്ദുള്ളക്കുട്ടി, അഡ്വ. പി. നസറുല്ല, സി. ശിവദാസൻ, സ്കൂൾ മാനേജർ ഇൻചാർജ് ഡോ. ഇബ്രാഹിം, പി.ടി.എ പ്രസിഡന്റ് ഐ.പി. ജലീൽ, തിരൂർ ഡി.ഡി.ഒ ശ്രീജ, എ.ഇ.ഒ ബാബുരാജ്, പ്രിൻസിപ്പൽ സോണിയ സി. വേലായുധൻ, പ്രധാനാധ്യാപകൻ സിദ്ദീഖുൽ അക്ബർ, അധ്യാപകരായ ഷബീർ നെല്ലിയാളി, യാസർ ചെമ്പ്ര, റാഫി വട്ടപ്പാറ, ജംഷീർ ബാബു, ഹാരിഫ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പി.ടി.എ ഭാരവാഹികൾ, സപ്പോർട്ടിങ് കമ്മിറ്റി നേതാക്കൾ എന്നിവരും പങ്കെടുത്തു.

Recent

Load More