അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഡോക്യുമെന്ററി പുരസ്കാരം നേടി പോരൂർ സ്വദേശി കെ.എം. ഹരീഷ്

October 09, 2026 - By North Malappuram

വണ്ടൂർ: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവും ഹിമാചൽ പ്രദേശ് സർക്കാരും സംയുക്തമായി സംഘടിപ്പിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഷിംലയിൽ (ഐഎഫ്എഫ്എസ്) മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം കെ.എം. ഹരീഷ് സംവിധാനം ചെയ്ത ‘രസനിഷ്പത്തി’ക്ക്. പോരൂർ രവിമംഗലം സ്വദേശിയായ ഹരീഷിന്റെ നേട്ടം നാടിനും അഭിമാനമായി.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ മുൻ അധ്യാപകൻ കിടങ്ങഴി മനയിൽ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടിന്റെ മകനാണ് ഹരീഷ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സൗണ്ട് വിഭാഗത്തിൽ പ്രാവീണ്യം നേടിയ അദ്ദേഹം, നാട്യശാസ്ത്രത്തിലെ ‘രസനിഷ്പത്തി’ എന്ന ആശയത്തെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയത്.

പ്രശസ്ത ഛായാഗ്രാഹകൻ മനേഷ് മാധവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തത്. നിരവധി ശ്രദ്ധേയ സിനിമകളുടെ ഛായാഗ്രാഹകനായ മനേഷ് മാധവന്റെ പങ്കാളിത്തവും ചിത്രത്തിന്റെ സവിശേഷതയാണ്.

തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ കേരള രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്രമേളയിലും (ഐഡിഎസ്എഫ്എഫ്കെ) തിരുവനന്തപുരത്ത് പ്രദർശിപ്പിച്ച ചിത്രം ശ്രദ്ധ നേടിയിരുന്നു. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും ഹരീഷിനെ അഭിനന്ദിച്ചിരുന്നു.

അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ലഭിച്ച അംഗീകാരത്തോടെ പോരൂരിന്റെ കലാ-സാംസ്കാരിക മേഖലയിൽ അഭിമാനനേട്ടമായി മാറിയിരിക്കുകയാണ് ‘രസനിഷ്പത്തി’.

Category: വണ്ടൂർ

Recent

Load More