വമ്പൻ കേസുകളുടെ കുരുക്കഴിച്ച എസ്.പി. മോഹനചന്ദ്രൻ പടിയിറങ്ങുന്നു

November 28, 2026 - By Malapuram

നിലമ്പൂർ:ചേലേമ്പ്ര ബാങ്ക് കവർച്ച മുതൽ നടിയെ ആക്രമിച്ച കേസ് വരെയും, മാറാട് കലാപം മുതൽ കുറുവാസംഘത്തിന്റെ കവർച്ചകൾ വരെയും നീളുന്ന ഒട്ടേറെ പ്രമാദ കേസുകളുടെ അന്വേഷണത്തിൽ മുന്നിൽനിന്ന എസ്.പി. എം. മോഹനചന്ദ്രൻ സർവീസിൽ നിന്ന് വിരമിക്കുന്നു. മൂന്നര പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനു ശേഷം നവംബർ 30-നാണ് നിലമ്പൂർ സ്വദേശിയായ അദ്ദേഹം പടിയിറങ്ങുന്നത്.

ജൂണിൽ മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി.യായി ചുമതലയേറ്റ ശേഷം, 28 വർഷം വരെ പഴക്കമുള്ള മൂന്ന് കൊലക്കേസുകളിൽ നിർണായക തുമ്പുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പെരിന്തൽമണ്ണയിലെ മില്ലിൽ 2007-ൽ നടന്ന ബാലകൃഷ്ണൻ വധക്കേസിൽ നേപ്പാളിൽ നിന്ന് പ്രതിയെ പിടികൂടിയതാണ് ഇതിൽ പ്രധാനം. ചേലേമ്പ്ര കേസിലും നിർണായക പങ്കുവഹിച്ചു.

മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കുറുവാസംഘത്തെ കുടുക്കുന്നതിൽ വഴിത്തിരിവായത്. 2009-ലെ പെരിയ, പൊന്നാനി കവർച്ചക്കേസുകളിലൂടെ തമിഴ്‌നാട്ടിലെ കുറുവാസംഘത്തിലേക്ക് എത്തിയ അന്വേഷണം, സംഘം നടത്തിയ 12 ബാങ്ക് കവർച്ചകൾക്ക് തുമ്പുണ്ടാക്കി. ബേക്കൽ, തിരുനാവായ, മമ്പാട് കവർച്ചകളും തെളിയിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയായിരിക്കെ, കുറുവാസംഘത്തെ പിടികൂടാനുള്ള ഓപ്പറേഷനും നയിച്ചു. നടിയെ ആക്രമിച്ച കേസിൽ ആലുവ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.യായിരിക്കെ അന്വേഷണച്ചുമതല വഹിച്ചു.

മാറാട് കലാപം, കുനിയിൽ ഇരട്ടക്കൊലപാതകം, നിലമ്പൂർ രാധ കൊലക്കേസ്, ചാവക്കാട് വടക്കേക്കാട് ഷമീർ കൊലക്കേസ്, റിയാസ് മൗലവി വധം, കൊടിഞ്ഞി ഫൈസൽ വധം, വാട്സാപ്പ് ഹർത്താൽ കേസുകൾ എന്നിവയുടെ അന്വേഷണസംഘത്തിലും അദ്ദേഹം അംഗമായിരുന്നു.

1990-ൽ സി.ആർ.പി.എഫിൽ എസ്.ഐ.യായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1995-ൽ കേരള പൊലീസിൽ എസ്.ഐ.യായി. 2024-ൽ ഐ.പി.എസ് ലഭിച്ചു. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ, മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ, സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ എന്നിവയും നിരവധി ഗുഡ് സർവീസ് എൻട്രികളും നേടി. ഭാര്യ: നിർമല. മക്കൾ: അപർണ, നന്ദന.

Recent

Load More