രാത്രിയിൽ യാത്ര ചെയ്ത കുടുംബത്തെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ

October 13, 2026 - By Malapuram

തിരൂർ: രാത്രിയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബത്തെ ആക്രമിച്ച കേസിൽ പ്രതിയെ തിരൂർ പോലീസ് പിടികൂടി. ഏഴൂർ സ്വദേശിയും പുതിയങ്ങാടിയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ പൊട്ടച്ചോലപ്പടി അജിത് (30) ആണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസം തിരൂർ വിഷുപ്പാടത്തുവെച്ചാണ് സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തെ പ്രതി ആക്രമിക്കുകയായിരുന്നു. സംഭവം തടയാനെത്തിയ മറ്റൊരാളെയും മാരകമായി ആക്രമിക്കുകയും ബൈക്ക് തകർക്കുകയും ചെയ്തതായി പരാതിയുണ്ട്.

രാത്രിയിൽ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ മുന്നിലേക്ക് ചാടിയെത്തി അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്യുന്നത് പ്രതിയുടെ പതിവാണെന്നാണ് പോലീസ് പറയുന്നത്. ലഹരി ഉപയോഗിക്കുന്നയാളായ പ്രതിക്കെതിരെ നിരവധി അടിപിടി കേസുകളുമുണ്ടെന്ന് പോലീസ് അറിയിച്ചു.

സ്ത്രീയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത തിരൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ തിരൂർ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

തിരൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനുഷ, മിഥുൻ, നസീർ തിരൂർക്കാട് എന്നിവരും എസ്‌സിപിഒ ശശി, സിപിഒമാരായ ആശിഷ്, ടോണി, അനന്തു, ദിൽജിത്ത്, പ്രദീപ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് തിരൂർ പോലീസ് അറിയിച്ചു.

Category: തിരൂർ

Recent

Load More