നിലമ്പൂർ ബൈപാസ് നിർമാണത്തിന് ഫണ്ട് തടസ്സമാകില്ല, വേഗത്തിൽ പൂർത്തിയാക്കും മുഖ്യമന്ത്രി വി ഡി സതീശൻ

November 29, 2026 - By MalappuramMedia

നിലമ്പൂർ: നിലമ്പൂരിന്റെ ദീർഘകാല സ്വപ്നമായ ബൈപാസ് പദ്ധതി വേഗത്തിൽ പൂർത്തിയാക്കുമെന്നും നിർമാണത്തിന് ഫണ്ട് ഒരു തടസ്സമാകില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ജ്യോതിപ്പടിയിൽ ബൈപാസ് നിർമാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ അധികാരമേറ്റ് ആറു മാസത്തിനിടെ നിലമ്പൂരിനായി ആറു പദ്ധതികൾ അനുവദിച്ചതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “സർക്കാർ നിലമ്പൂരിനൊപ്പമുണ്ടാകും” എന്നും അദ്ദേഹം വാക്ക് നൽകി. നിലമ്പൂർ ഗവ. കോളേജിന്റെ കെട്ടിടനിർമാണത്തിന് 25 കോടി രൂപ അനുവദിക്കുമെന്നും പ്രഖ്യാപിച്ചു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒരു മാസത്തോളം മണ്ഡലത്തിൽ താമസിച്ച് പ്രവർത്തിച്ചിരുന്നതായി മുഖ്യമന്ത്രി ഓർമിപ്പിച്ചു. അന്ന് നാട്ടുകാർ ഉന്നയിച്ച പ്രധാന ആവശ്യം ബൈപാസായിരുന്നു. ആര്യാടൻ മുഹമ്മദ് തുടക്കമിട്ട പദ്ധതിയോട് ഇടതു സർക്കാർ മനസ്സ് വെക്കാത്തതുകൊണ്ടാണ് ബൈപാസ് നടക്കാതെ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. പി.വി. അബ്ദുൽ വഹാബ് എം.പി, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, ജില്ലാ കലക്ടർ വിനയ് ഗോയൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നഗരസഭ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, വൈസ് ചെയർമാൻ തുടങ്ങിയവർ സംസാരിച്ചു. പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ പദ്ധതിയുടെ അൻസാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബൈപാസിനായി സ്ഥലം വിട്ടുനൽകിയവരെ ചടങ്ങിൽ ആദരിച്ചു.

Recent

Load More