നിലമ്പൂരിൽ ബാങ്കിനു മുന്നിൽ ആക്രമിച്ച് 9.95 ലക്ഷം കവർന്ന കേസ്: അഞ്ചുപേർകൂടി പിടിയിൽ

November 22, 2026 - By MalappuramMedia

നിലമ്പൂർ: ബാങ്കിൽനിന്ന് പണവുമായി ഇറങ്ങുകയായിരുന്ന യുവാവിനെ ആക്രമിച്ച് 9,95,000 രൂപ കവർന്ന സംഭവത്തിൽ അഞ്ചുപേരെക്കൂടി നിലമ്പൂരിലെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു.

നാട്ടുകല്ല് കൊടക്കാട് പാതാരി സനൂപ് (33), കാലടി അസൈനാർ (33), ഭീമനാട് ചക്കാലക്കുന്നൻ അനസ് (39), മണ്ണാർക്കാട് കുന്തിപ്പുഴ കേലാൻതൊടി മുഹമ്മദ് റഫീഖ് (38), തവളപ്പാറ മുഹമ്മദ് മുസ്മിൽ (26) എന്നിവരെയാണ് നിലമ്പൂർ സി.ഐ. എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അറസ്റ്റുചെയ്തത്.

കഴിഞ്ഞ 16-ന് രാവിലെ 11.45-ഓടെ നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ബാങ്ക് ഓഫ് ബറോഡയ്ക്കു മുൻവശത്താണ് കേസിനാസ്പദമായ സംഭവം. അമരമ്പലം സൗത്ത് കിഴക്കേപാലാമരം സ്വദേശി കുമ്മാളി ഫിറോസ് (36) ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തേക്കിറങ്ങുമ്പോൾ, പുറത്തു കാത്തുനിന്ന സംഘം ആക്രമിച്ച് പണമടങ്ങിയ പൊതിയുമായി കാറിൽ കടന്നുകളയുകയായിരുന്നു. ആക്രമണത്തിൽ ഫിറോസിന്റെ കൈക്ക് പരിക്കേറ്റു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം നിലമ്പൂർ ഡിവൈ.എസ്.പി. കെ. റഫീഖിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്. സംഭവദിവസം രാത്രിതന്നെ സംഘത്തിലെ കൊടക്കാട് 55-ാം മൈൽ സ്വദേശി പനങ്ങാട്ടൊടി മുഹമ്മദ് ഷാഫിയെ (23) അറസ്റ്റുചെയ്തിരുന്നു. ഇതോടെ കൂട്ടുപ്രതികൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽപ്പോയി.

പ്രതികൾ കാറിൽ മേലാറ്റൂർ ഭാഗത്തുനിന്ന് പാണ്ടിക്കാട് ഭാഗത്തേക്കു വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കാർ തടഞ്ഞാണ് ഇവരെ പിടികൂടിയത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി.

Recent

Load More