തിരൂരിലെ 14 ആരോഗ്യ കേന്ദ്രങ്ങൾക്ക് 14.715 കോടി; പുതിയ കെട്ടിടങ്ങൾ വരുന്നു

November 28, 2026 - By Malapuram

തിരൂർ: തിരൂർ നിയോജക മണ്ഡലത്തിലെ 14 ആരോഗ്യ കേന്ദ്രങ്ങൾക്ക് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നതിനായി ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴി 14.715 കോടി രൂപ അനുവദിച്ചതായി കുറുക്കോളി മൊയ്തീൻ എം.എൽ.എ അറിയിച്ചു.

മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെയും തിരൂർ നഗരസഭയിലെയും ആരോഗ്യ കേന്ദ്രങ്ങൾക്കാണ് തുക അനുവദിച്ചത്. വെട്ടം ഗ്രാമപഞ്ചായത്തിലെ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ (ബി.എഫ്.എച്ച്.സി) വെട്ടത്തിന് നാല് കോടി രൂപയാണ് നൽകുക. പറവണ്ണ, പുൽപ്പാഞ്ചിറ, പച്ചാട്ടിരി ഫാമിലി വെൽനസ് സെന്ററുകൾക്ക് (എഫ്.ഡബ്ല്യു.സി) 55.50 ലക്ഷം രൂപ വീതവും അനുവദിച്ചു.

ആതവനാട് ഗ്രാമപഞ്ചായത്തിൽ ഫാമിലി ഹെൽത്ത് സെന്ററിന് (എഫ്.എച്ച്.സി) 1.43 കോടി രൂപയും ആതവനാട് എഫ്.ഡബ്ല്യു.സിക്ക് 55.50 ലക്ഷം രൂപയും ലഭിച്ചു. കൽപ്പകഞ്ചേരി ഗ്രാമപഞ്ചായത്തിൽ എഫ്.എച്ച്.സിക്ക് 1.43 കോടിയും മെയിൻ സെന്ററിന് 55.50 ലക്ഷവും അനുവദിച്ചു. തലക്കാട് ഗ്രാമപഞ്ചായത്തിൽ എഫ്.എച്ച്.സി തലക്കാടിന് 1.43 കോടി രൂപയും വെങ്ങാലൂർ എഫ്.ഡബ്ല്യു.സിക്ക് 55.50 ലക്ഷം രൂപയുമാണ് ലഭ്യമാക്കിയത്.

തിരൂർ നഗരസഭയിൽ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (യു.പി.എച്ച്.സി) അന്നാരയ്ക്ക് 1.43 കോടി രൂപയും പൂക്കയിൽ എഫ്.ഡബ്ല്യു.സിക്ക് 55.50 ലക്ഷം രൂപയും അനുവദിച്ചു. തിരുനാവായ ഗ്രാമപഞ്ചായത്തിൽ സൗത്ത് പള്ളാർ എഫ്.ഡബ്ല്യു.സിക്കും വളവന്നൂർ ഗ്രാമപഞ്ചായത്തിൽ മെയിൻ സെന്റർ വളവന്നൂരിനും 55.50 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്.

ചില കേന്ദ്രങ്ങളിൽ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. മറ്റു ചിലയിടങ്ങളിൽ പ്രവൃത്തി അനുവദിക്കുന്നതിന്റെയും നിർമാണം പുരോഗമിക്കുന്നതിന്റെയും ഘട്ടങ്ങളിലാണ്. ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും സാധാരണക്കാർക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സ പ്രാദേശികമായി ലഭ്യമാക്കുന്നതിനും പദ്ധതികൾ സഹായകമാകുമെന്ന് എം.എൽ.എ അറിയിച്ചു.

Category: തിരൂർ

Recent

Load More