തലക്കടത്തൂരിൽ പണിസ്ഥലത്ത് മതിലിടിഞ്ഞ് വീണു; മണ്ണിനടിയിൽ കുടുങ്ങിയ നാല് തൊഴിലാളികളെ രക്ഷപ്പെടുത്തി
തിരൂർ: തലക്കടത്തൂർ പടിഞ്ഞാക്കരയിൽ നിർമാണ സ്ഥലത്ത് മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. കമ്പിളിപ്പറമ്പിൽ റാഷിദ്, പുഴക്കൽ അഷ്റഫ് എന്നിവരും തമിഴ്നാട് സ്വദേശികളായ രണ്ട് തൊഴിലാളികളുമാണ് അപകടത്തിൽപ്പെട്ടത്.
താഴ്ഭാഗത്ത് ജോലി ചെയ്യുന്നതിനിടെ മുകൾഭാഗത്തെ മതിൽ അപ്രതീക്ഷിതമായി തകർന്നുവീഴുകയായിരുന്നു. മണ്ണും കരിങ്കല്ലും കെട്ടിടാവശിഷ്ടങ്ങളും ഒന്നിച്ച് പതിച്ചതോടെ തൊഴിലാളികൾ അതിനിടയിൽ കുടുങ്ങി.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് ഏറെനേരം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ നാലുപേരെയും പുറത്തെടുത്തു. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
