സിപിഐ എം മലപ്പുറം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് ഇന്ന് പൊന്നാനിയിൽ തുടക്കമാകും
പൊന്നാനി: സിപിഐ എം മലപ്പുറം ജില്ലാ വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് ശനിയാഴ്ച പൊന്നാനിയിൽ തുടക്കമാകും. ചമ്രവട്ടം ജങ്ഷനിലെ ആർ.വി. പാലസിൽ ശനി, ഞായർ ദിവസങ്ങളിലായാണ് യോഗം നടക്കുന്നത്.
രാവിലെ 9.30-ന് മുതിർന്ന സി.പി.എം. നേതാവ് പാലോളി മുഹമ്മദ് കുട്ടി പതാക ഉയർത്തും. തുടർന്ന് രാവിലെ 10-ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയൻ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യും.
ജില്ലയിൽനിന്നുള്ള രണ്ട് സംസ്ഥാനകമ്മിറ്റി അംഗങ്ങൾ, 42 ജില്ലാകമ്മിറ്റി അംഗങ്ങൾ, 18 ഏരിയാകമ്മിറ്റികളിൽനിന്നുള്ള 64 പ്രതിനിധികൾ, വർഗ-ബഹുജന സംഘടനകളിൽനിന്നുള്ള 33 പ്രതിനിധികൾ എന്നിവരുൾപ്പെടെ 141 പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും. രാവിലെ 11.30-ന് ജില്ലാ സെക്രട്ടറി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും.
ഞായറാഴ്ച വൈകീട്ട് 4.30-ന് പൊതു പ്രകടനം നടക്കും. പൊന്നാനി ഹാർബർ, സി.വി. ജങ്ഷൻ എന്നിവിടങ്ങളിൽനിന്ന് ആരംഭിക്കുന്ന പ്രകടനങ്ങൾ ജിം റോഡ് വഴി കർമനയോരപാതയിൽ സംഗമിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ തീരദേശത്തെ ഏഴ് ഏരിയാകമ്മിറ്റികളിൽനിന്നായി അരലക്ഷത്തോളം പേർ പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
