സമാന്തര മൂന്നക്ക ലോട്ടറി ചൂതാട്ടം: യുവാവിനെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: മൊബൈൽ ആപ്പ് വഴി സമാന്തര മൂന്നക്ക ലോട്ടറി ചൂതാട്ടം നടത്തിയ യുവാവിനെ പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തു. നന്നമ്പ്ര പാണ്ടിമുറ്റം സ്വദേശി അംഗത്തിൽവീട്ടിൽ ഷിബു (34) ആണ് അറസ്റ്റിലായത്.
അങ്ങാടിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൂക്കോട്ടുംപാടം എസ്.ഐ. അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
ചൂതാട്ടത്തിന് ഉപയോഗിച്ച മൊബൈൽ ഫോണും 930 രൂപയും പോലീസ് പിടിച്ചെടുത്തു. ഫോണിലെ ‘ചെസ്സ്’ ആപ്പ് വഴിയാണ് സമാന്തര ലോട്ടറി നടത്തിയിരുന്നതെന്ന് പോലീസ് കണ്ടെത്തി.
കേരള ഗെയിമിങ് ആക്ട്, ലോട്ടറി റെഗുലേഷൻ ആക്ട് എന്നിവ പ്രകാരം കേസെടുത്ത പോലീസ് അന്വേഷണം ഗ്രേഡ് സബ് ഇൻസ്പെക്ടർ ജെയിംസ് ജോണിന് കൈമാറി.
