വേങ്ങരയിൽ കോഴിക്കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന; യുവാവ് പിടിയിൽ
വേങ്ങര: ഗേൾസ് ഹൈസ്കൂളിന് സമീപം കോഴിക്കടയുടെ മറവിൽ എംഡിഎംഎ വിൽപ്പന നടത്തിയ യുവാവിനെ വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി പാറക്കൽ വീട്ടിൽ അനസ് (34) ആണ് പിടിയിലായത്.
വേങ്ങര എസ്എച്ച്ഒ കെ.പി. മൻസൂറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡാൻസാഫ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഗേൾസ് ഹൈസ്കൂളിന് എതിർവശത്ത് പ്രവർത്തിക്കുന്ന കടയിൽ നടത്തിയ പരിശോധനയിൽ മേശവലിപ്പിൽ ഒളിപ്പിച്ച നിലയിൽ 6.22 ഗ്രാം എംഡിഎംഎ കണ്ടെത്തി.
ലഹരിമരുന്ന് വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 99,570 രൂപ, മയക്കുമരുന്ന് തൂക്കിനൽകാൻ ഉപയോഗിക്കുന്ന ചെറിയ ഇലക്ട്രോണിക് ത്രാസ്, പാക്ക് ചെയ്യാനുള്ള സിപ്പ് ലോക്ക് കവറുകൾ, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുന്നതിനായാണ് ഇയാൾ ലഹരിമരുന്ന് കടയിലെത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിൽക്കാൻ ലക്ഷ്യമിട്ടെന്ന കണ്ടെത്തലിനെ തുടർന്ന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്.
എസ്ഐമാരായ സന്തോഷ് കുമാർ, പി. രഞ്ജിത്ത്, എഎസ്ഐ സുനിൽ കുമാർ എന്നിവരും ഡാൻസാഫ് അംഗങ്ങളായ ബിജോയ്, പ്രവീൺ, ജിബിൻ, സിപിഒമാരായ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
