വേങ്ങര കച്ചേരിപ്പടിയിൽ ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം; 60കാരന് ദാരുണാന്ത്യം, ഭാര്യക്ക് ഗുരുതര പരിക്ക്
വേങ്ങര: കച്ചേരിപ്പടിയിൽ ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ 60കാരൻ മരിച്ചു. പൊന്മള പള്ളിയാളി കുണ്ടുവായിൽ അലവിക്കുട്ടിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
എ.ആർ. നഗർ കൊളപ്പുറത്തുള്ള മകളുടെ വീട്ടിൽ നിന്ന് പൊന്മളയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച ബൈക്കിലേക്കാണ് ടിപ്പർ ലോറി ഇടിച്ചുകയറിയത്. വേങ്ങര ഭാഗത്തുനിന്ന് കക്കാട് ഭാഗത്തേക്ക് മണൽ കയറ്റി പോകുകയായിരുന്ന ടിപ്പർ, മുന്നിൽ പോയിരുന്ന കാറിനെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്ക് ഓടിച്ചിരുന്ന അലവിക്കുട്ടി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റ ഭാര്യയെ ഉടൻ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നല്ല കാഴ്ചയുള്ള നേർരേഖയിലുള്ള റോഡിലാണ് അപകടമുണ്ടായത്. ടിപ്പർ ലോറി ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
