വീടുകളിൽ കയറി മൊബൈൽഫോൺ മോഷണം; കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ
പാണ്ടിക്കാട്: വീടുകളിൽ കയറി മൊബൈൽഫോണുകൾ മോഷ്ടിച്ച കേസുകളിൽ പ്രതിയായ കരുവാരക്കുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീനെ (44) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ഷംസുദ്ദീനെന്ന് പൊലീസ് പറഞ്ഞു.
കുറ്റിപ്പുളി മേഖലയിലെ വീടുകളിൽ പകൽസമയത്തെത്തി മൊബൈൽഫോണുകൾ മോഷ്ടിച്ച സംഭവങ്ങളിലാണ് അറസ്റ്റ്. പ്രായമായവർ താമസിക്കുന്ന വീടുകളിലെത്തി അടുപ്പം സ്ഥാപിച്ച ശേഷമാണ് ഇയാൾ മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിൽ മധ്യവയസ്കയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസുൾപ്പെടെ ജില്ലയിലും സമീപ ജില്ലകളിലുമുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഷംസുദ്ദീനെതിരെ കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
സ്റ്റേഷൻ ഹൗസ് ഓഫീസർ റിഷാദലി നെച്ചിക്കാടന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുബ്രഹ്മണ്യൻ, അമ്പിളി, സി.പി.ഒമാരായ സുമേഷ്, സാനിർ, രാകേഷ്, നജ്മുദ്ദീൻ, സുധീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
