മൂത്തേടത്ത് വീണ്ടും വളർത്തുനായയെ അജ്ഞാതജീവി കൊന്നുതിന്നു; ഭീതിയിൽ നാട്ടുകാർ
നിലമ്പൂർ: മൂത്തേടത്ത് തുടർച്ചയായ രണ്ടാം ദിവസവും വളർത്തുനായയെ അജ്ഞാതജീവി കൊന്നുതിന്നു. നാരങ്ങാപ്പൊട്ടി തളിയത്ത് ഷിബുവിന്റെ വളർത്തുനായയെയാണ് തിങ്കളാഴ്ച രാത്രി അജ്ഞാതജീവി ആക്രമിച്ചത്. വീടിന്റെ അടുക്കളയോട് ചേർന്ന് കെട്ടിയിട്ടിരുന്ന നായയെ ചൊവ്വാഴ്ച രാവിലെ പകുതിയോളം തിന്ന നിലയിൽ ചത്തതായി വീട്ടുകാർ കണ്ടെത്തി.
രാത്രിയിൽ അസാധാരണമായ ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും നിലമ്പൂർ ആർ.ആർ.ടി. സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകളും മറ്റ് തെളിവുകളും പരിശോധിച്ചെങ്കിലും ആക്രമണം നടത്തിയത് പുലിയാണെന്ന് സ്ഥിരീകരിക്കാനായില്ല. വലിയ പൂച്ചപ്പുലിയുടെ ആക്രമണമാകാനുള്ള സാധ്യതയും വനംവകുപ്പ് തള്ളിക്കളയുന്നില്ല. സംഭവസ്ഥലത്തിന് സമീപം ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചീനിക്കുന്നിൽ കോൽക്കാടൻ രവീന്ദ്രന്റെ വീട്ടിലെ വിദേശയിനം വളർത്തുനായയെ പുലി കൊന്നുതിന്നിരുന്നു. വനംവകുപ്പിന്റെ പരിശോധനയിൽ ആക്രമണം നടത്തിയത് പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നു.
രണ്ടുമാസം മുൻപ് ചോളമുണ്ടയിൽ കടുവ പശുവിനെ കൊന്നിരുന്നു. ഉച്ചക്കുളം ഉന്നതിയിലെ നാല് പോത്തിൻകുട്ടികളെയും പുലി പിടിച്ചതായി നാട്ടുകാർ പറയുന്നു. തുടർച്ചയായ വന്യജീവി ആക്രമണങ്ങൾ മൂലം മൂത്തേടത്തെ ജനജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്.
രാവിലെയും രാത്രിയിലും പുറത്തിറങ്ങാനും യാത്ര ചെയ്യാനും നാട്ടുകാർ ഭയപ്പെടുന്നു. റബ്ബർ ടാപ്പിങ് തൊഴിലാളികളും ക്ഷീരകർഷകരുമാണ് ഏറെ ദുരിതത്തിലായത്. ജനങ്ങളുടെ ഭീതി അകറ്റാൻ എത്രയും വേഗം കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
