മൂത്തേടം ചീനിക്കുന്നിൽ കൂട്ടിലിട്ട വളർത്തുനായയെ പുലി കൊന്നുതിന്നു; പ്രദേശത്ത് ഭീതി

October 13, 2026 - By North Malappuram



എടക്കര:മൂത്തേടം പഞ്ചായത്തിലെ ചീനിക്കുന്നിൽ വളർത്തുനായയെ പുലി കൊന്നുതിന്നു. കോൽക്കാടൻ രവീന്ദ്രന്റെ വിദേശയിനത്തിൽപ്പെട്ട വളർത്തുനായയെയാണ് ഞായറാഴ്ച രാത്രി കൂട്ടിൽ കിടക്കുന്നതിനിടെ പുലി പിടിച്ചത്. പകുതി ഭക്ഷിച്ച നിലയിൽ തിങ്കളാഴ്ച രാവിലെയാണ് വീട്ടുകാർ നായയെ കണ്ടെത്തിയത്.

രാത്രിയിൽ അസാധാരണമായ ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. പുലർച്ചെ റബ്ബർ ടാപ്പിങ്ങിനായി വീട്ടുകാർ പുറത്തിറങ്ങിയ സമയത്തായിരിക്കാം പുലി സ്ഥലത്തുനിന്ന് ഓടിമറഞ്ഞതെന്നാണ് കരുതുന്നത്.

നിലമ്പൂർ റേഞ്ച് ഓഫീസർ കെ.പി. ജിനേഷിന്റെ നിർദേശപ്രകാരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.എം. ശ്രീജിത്ത്, ആന്റണി തോമസ്, ബി.എഫ്.ഒ. വിഷ്ണു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകളും ആക്രമണരീതിയും പരിശോധിച്ച വനപാലകർ പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു. പുലിയുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനായി സ്ഥലത്ത് ക്യാമറയും സ്ഥാപിച്ചു.

മൂത്തേടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഫ്സത്ത് ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി വനപാലകരുമായി ചർച്ച നടത്തി. ഒന്നരമാസം മുമ്പ് രണ്ടു കിലോമീറ്റർ അകലെയുള്ള ചോളമുണ്ടയിൽ കടുവ പശുവിനെ കൊന്നിരുന്നു. സമീപത്തെ ഉച്ചക്കുളം ഉന്നതിയിലെ നാലു പോത്തിൻകുട്ടികളെയും പുലി പിടിച്ചതായി നാട്ടുകാർ പറയുന്നു.

പ്രദേശത്ത് അടിക്കടി പുലിയും കടുവയും ഇറങ്ങുന്നത് മനുഷ്യർക്കും വളർത്തുമൃഗങ്ങൾക്കും ഭീഷണിയാകുന്നതായി നാട്ടുകാർ ആശങ്കപ്പെടുന്നു. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ഭയമാണെന്നും ഇവർ പറഞ്ഞു. പ്രദേശത്ത് എത്രയും വേഗം കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

അതേസമയം, ക്യാമറയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാൽ കൂട് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്ന് വനപാലകർ അറിയിച്ചു.

Recent

Load More