മലപ്പുറത്ത് നാല് പഞ്ചായത്ത് വാർഡുകളിൽ  ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്

September 01, 2026 - By MalappuramMedia



മലപ്പുറം:  ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകളിൽ  ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന് നടക്കും. വേങ്ങര ഗ്രാമപഞ്ചായത്തിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) എന്നീ വാർഡുകളിലാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഉപതെരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിസ്ഥാനമാക്കി വരണാധികാരികളെ ചുമതലപ്പെടുത്തി. വേങ്ങര ഗ്രാമപഞ്ചായത്തിൽ വേങ്ങര അസിസ്റ്റന്റ് എഡ്യൂക്കേഷൻ ഓഫീസർ (എ.ഇ.ഒ), മങ്കട ഗ്രാമപഞ്ചായത്തിൽ മങ്കട ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, കാലടി ഗ്രാമപഞ്ചായത്തിൽ പൊന്നാനി സബ് രജിസ്ട്രാർ, താനാളൂർ ഗ്രാമപഞ്ചായത്തിൽ തിരൂർ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ എന്നിവർ വരണാധികാരികളായി പ്രവർത്തിക്കും.

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഫോം 1 നോട്ടീസ് സെപ്റ്റംബർ മൂന്നിന് വരണാധികാരികൾ പ്രസിദ്ധീകരിക്കും. പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും മറ്റ് തെരഞ്ഞെടുപ്പ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

Recent

Load More