പോളിടെക്നിക്കുകളിൽ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്: നാലിടത്തും യുഡിഎസ്എഫ്; കോട്ടയ്ക്കൽ വനിതാ പോളി പിടിച്ച് എസ്എഫ്ഐ
മലപ്പുറം: ജില്ലയിലെ അഞ്ച് ഗവ., എയ്ഡഡ് പോളിടെക്നിക്കുകളിൽ നടന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ നാലിടത്തും യു.ഡി.എസ്.എഫ്. മുന്നണി വിജയം നേടി. രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക് എസ്.എഫ്.ഐ. തിരിച്ചുപിടിച്ചു.
തിരൂർ എസ്.എസ്.എം. പോളിടെക്നിക്, പെരിന്തൽമണ്ണ ഗവ. പോളിടെക്നിക്, മഞ്ചേരി ഗവ. പോളിടെക്നിക്, തിരൂരങ്ങാടി എ.കെ.എൻ.എം. ഗവ. പോളിടെക്നിക് എന്നിവിടങ്ങളിലാണ് യു.ഡി.എസ്.എഫ്. മുന്നണി വിജയിച്ചത്.
മഞ്ചേരി ഗവ. പോളിടെക്നിക്കിൽ ഏഴിൽ ഏഴ് സീറ്റുകളും നേടി യു.ഡി.എസ്.എഫ്. മുന്നണി തുടർച്ചയായ ഏഴാം തവണയും വിജയം ആവർത്തിച്ചു. കഴിഞ്ഞതവണ എസ്.എഫ്.ഐ. പിടിച്ചെടുത്ത പെരിന്തൽമണ്ണയിലെ മുഴുവൻ സീറ്റുകളും ഇക്കുറി യു.ഡി.എസ്.എഫ്. സഖ്യം തിരിച്ചുപിടിച്ചു.
രണ്ടുവർഷത്തിനുശേഷമാണ് കോട്ടയ്ക്കൽ ഗവ. വനിതാ പോളിടെക്നിക്കിൽ എസ്.എഫ്.ഐ.യുടെ തിരിച്ചുവരവ്. ആറിൽ ആറു സീറ്റുകളും നേടിയാണ് എസ്.എഫ്.ഐ. വിജയം സ്വന്തമാക്കിയത്.
തിരൂർ എസ്.എസ്.എം. പോളിടെക്നിക്കിൽ മാഗസിൻ എഡിറ്റർ ഒഴികെയുള്ള ആറു സീറ്റുകളും നേടി യു.ഡി.എസ്.എഫ്. കഴിഞ്ഞവർഷത്തെ വിജയം നിലനിർത്തി. തിരൂരങ്ങാടി എ.കെ.എൻ.എം. ഗവ. പോളിടെക്നിക്കിൽ മുഴുവൻ സീറ്റുകളും നേടി യു.ഡി.എസ്.എഫ്. സഖ്യം തുടർച്ചയായ രണ്ടാം തവണയും വിജയിച്ചു.
