പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ
മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ശേഖരിച്ച് സാങ്കേതികവിദ്യയുടെ സഹായത്തോടെ മോർഫ് ചെയ്ത് അശ്ലീലദൃശ്യങ്ങളാക്കി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ.
മലപ്പുറം പുഴക്കാട്ടിരി സ്വദേശി നികേത് (24) ആണ് കാസർകോട് സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. കേസിലെ രണ്ടാം പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലദൃശ്യങ്ങളാക്കി ടെലഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതിയായ കാസർകോട് ഇരിയണ്ണി സ്വദേശി പി. അനൂപിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒന്നാം പ്രതി കൈമാറിയ പെൺകുട്ടികളുടെ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് അശ്ലീലദൃശ്യങ്ങളാക്കി മാറ്റിയത് നികേതാണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ച പുഴക്കാട്ടിരിയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കാസർകോട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ കെ. രാജീവന്റെ നിർദേശപ്രകാരം എസ്.ഐ. ടി.ടി. നൗഷാദ്, എസ്.സി.പി.ഒമാരായ പി.വി. സുധീഷ്, സവാദ് അഷറഫ്, സി.പി.ഒ. വിപിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒക്ടോബർ ഒൻപതുവരെ റിമാൻഡ് ചെയ്തു.
കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് രേഖകൾ, ടെലഗ്രാം ഗ്രൂപ്പുകളിലെ വിവരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ പൊലീസ് ശേഖരിച്ചു.
