പരീക്ഷയ്ക്കിടെ കനത്ത കാറ്റ്; വാണിയമ്പലം ഗവ. സ്കൂളിന്റെ മേൽക്കൂരയിലെ നൂറിലേറെ ഓടുകൾ പറന്നു
വണ്ടൂർ: കനത്ത മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വാണിയമ്പലം ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ മുകൾനിലയിലെ മേൽക്കൂരയിലെ നൂറിലേറെ ഓടുകൾ പറന്നുപോയി. പരീക്ഷ നടന്നുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
ഒന്നാംവർഷ വിദ്യാർഥികൾക്ക് പരീക്ഷ നടത്തുന്നതിനായി രണ്ടാംവർഷ ക്ലാസുകൾ നേരത്തെ വിട്ടിരുന്നതിനാൽ മുകൾനിലയിലെ ക്ലാസ് മുറികൾ ഒഴിഞ്ഞുകിടന്നത് വൻ അപകടം ഒഴിവാക്കി. കാറ്റിൽ പറന്ന ഓടുകൾ ക്ലാസ് മുറികളിലും കെട്ടിടത്തിന്റെ വശങ്ങളിലും മുറ്റത്തും പതിച്ചു. സ്കൂളിന് തൊട്ടുമുന്നിലാണ് ഗവ. എൽ.പി. സ്കൂൾ പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷവും ശക്തമായ കാറ്റിൽ സ്കൂളിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. അറ്റകുറ്റപ്പണി നടത്തി പ്രവർത്തനം പുനരാരംഭിച്ച ശേഷമാണ് വീണ്ടും മേൽക്കൂരയ്ക്ക് നാശമുണ്ടായത്.
പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിലും കാറ്റിൽ വ്യാപക നാശനഷ്ടമുണ്ടായി. ശാന്തിനഗറിൽ മരം വീണ് വൈദ്യുതലൈൻ പൊട്ടിവീണു. കൊമ്പൻകല്ലിൽ റോഡിലേക്ക് മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. നിരവധി പുരയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണു.
വണ്ടൂർ, വാണിയമ്പലം, പാണ്ടിക്കാട് കെ.എസ്.ഇ.ബി. സെക്ഷൻ പരിധികളിൽ വ്യാപകമായി മരങ്ങൾ വീണ് വൈദ്യുത പോസ്റ്റുകളും ലൈനുകളും തകർന്നു.
