പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം പിൻവലിക്കണം: സിഐടിയു ജില്ലാ സമ്മേളനം
മലപ്പുറം: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച അശാസ്ത്രീയവും ജനവിരുദ്ധവുമായ പരിസ്ഥിതിലോല മേഖലാ വിജ്ഞാപനം പിൻവലിക്കണമെന്ന് മഞ്ചേരിയിൽ നടന്ന സി.ഐ.ടി.യു. മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. വിഷയത്തിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കേന്ദ്ര വിജ്ഞാപനം കേരളത്തിലെ മലയോര മേഖലയിൽ വ്യാപകമായ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലയിൽ 11 വില്ലേജുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കൃഷിഭൂമികളും ജനവാസകേന്ദ്രങ്ങളും ഉൾപ്പെടുന്നുണ്ട്.
വിജ്ഞാപനം സംബന്ധിച്ച് എൽ.ഡി.എഫ്. സർക്കാർ വിദഗ്ധരുടെ സഹായത്തോടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി വിശദമായ പഠനവും പരിശോധനയും നടത്തി തയ്യാറാക്കിയ റിപ്പോർട്ട് 2024 നവംബർ രണ്ടിന് കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ ഈ റിപ്പോർട്ട് പരിഗണിക്കാതെയാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും സമ്മേളനം കുറ്റപ്പെടുത്തി.
സി.ഐ.ടി.യു. മലപ്പുറം ജില്ലാ പ്രസിഡന്റായി കെ.പി. അനിലിനെയും സെക്രട്ടറിയായി വി.പി. സക്കറിയയെയും സമ്മേളനം തെരഞ്ഞെടുത്തു. ഇ.എൻ. ജിതേന്ദ്രൻ ഖജാൻജിയായി.
83 അംഗ ജില്ലാ കമ്മിറ്റിയെയും 261 അംഗ ജനറൽ കൗൺസിലിനെയും സമ്മേളനം തെരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
