പരപ്പനങ്ങാടി റെയിൽവേ മേൽപ്പാലത്തിലെ ടോൾ പിരിവ് പൂർണമായി നിർത്തലാക്കും
പരപ്പനങ്ങാടി: വർഷങ്ങളായി തുടരുന്ന യാത്രാക്ലേശത്തിനും സാമ്പത്തികബാധ്യതയ്ക്കും വിരാമമിട്ട് പരപ്പനങ്ങാടി റെയിൽവേ മേൽപ്പാലത്തിലെ ടോൾ പിരിവ് പൂർണമായി നിർത്തലാക്കാൻ പൊതുമരാമത്ത് വകുപ്പ് ഉന്നതതല യോഗത്തിൽ തീരുമാനമായി.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.എം.എ. സമീർ എം.എൽ.എ. സമർപ്പിച്ച പ്രത്യേക പ്രൊപ്പോസൽ അംഗീകരിച്ചാണ് തീരുമാനം. 2013 ജൂണിലാണ് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പരപ്പനങ്ങാടി റെയിൽവേ മേൽപ്പാലത്തിൽ ടോൾ ഏർപ്പെടുത്തിയത്. ഇതിനെതിരെ അന്നുമുതൽ സർവകക്ഷികളും നാട്ടുകാരും ശക്തമായ സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിരുന്നു.
തുടർന്ന് പരപ്പനങ്ങാടിയിലുള്ളവർക്ക് മാത്രം ടോളിൽ ഇളവ് അനുവദിച്ചെങ്കിലും ഈ പാസ് ചുരുക്കം ചിലർക്ക് മാത്രമാണ് ലഭിച്ചിരുന്നത്. ഇതുമൂലം ടോൾ ബൂത്ത് ജീവനക്കാരും യാത്രക്കാരും തമ്മിൽ നിരന്തരമായ വാക്കേറ്റങ്ങൾ ഉണ്ടാകുകയും ചെയ്തു. ജീവനക്കാർക്ക് ശമ്പളം നൽകാൻപോലും വരുമാനമില്ലാത്ത അവസ്ഥയിലായതോടെ ടോൾ പിരിവ് ഏറെക്കാലമായി താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
പാലം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതുമുതൽ പ്രദേശവാസികൾക്കും യാത്രക്കാർക്കും ടോൾ വലിയ സാമ്പത്തികബാധ്യതയായിരുന്നു. ടോൾ ഔദ്യോഗികമായി പൂർണമായി നിർത്തലാക്കുന്നതോടെ പാലത്തിലൂടെ കടന്നുപോകുന്ന ആയിരക്കണക്കിന് യാത്രക്കാർക്ക് സാമ്പത്തികാശ്വാസവും യാത്രാസൗകര്യവും ലഭിക്കും.
ജനങ്ങളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് ടോൾ ഒഴിവാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിയോജകമണ്ഡലത്തിലെ റോഡുകളും പാലങ്ങളും ഉൾപ്പെടെയുള്ള പൊതുമരാമത്ത് പദ്ധതികൾ പുരോഗമിക്കുന്നതിനിടെയാണ് ഈ തീരുമാനം.
