നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
നിലമ്പൂർ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം. പൂക്കോട്ടുംപാടം ചെട്ടിപ്പാടം സ്വദേശി ശ്രീഹരിയുടെ ബൈക്കിനാണ് തീപിടിച്ചത്. തിങ്കളാഴ്ച പകൽ രണ്ടോടെ നിലമ്പൂർ–വീട്ടിക്കുത്ത് റോഡിൽ രാജശ്വേരി തിയറ്ററിന് മുന്നിലായിരുന്നു സംഭവം.
നിലമ്പൂരിൽനിന്ന് ചക്കാലക്കുത്ത് ഭാഗത്തേക്ക് പോകുന്നതിനിടെ ബൈക്കിൽനിന്ന് തീ പടരുകയായിരുന്നു. തീ ശ്രദ്ധയിൽപ്പെട്ടതോടെ ശ്രീഹരി ഉടൻ ബൈക്കിൽനിന്ന് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ടയർ ഒഴികെയുള്ള ബൈക്കിന്റെ ഭൂരിഭാഗം ഭാഗങ്ങളും കത്തിനശിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിലമ്പൂർ അഗ്നിരക്ഷാസേനാ യൂണിറ്റ് തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
