തവനൂരിൽ വൻ എംഡിഎംഎ വേട്ട; 5 ലക്ഷം രൂപയുടെ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിൽ

October 02, 2026 - By Malapuram

തവനൂർ: വിൽപ്പനയ്ക്കായി ബംഗളൂരുവിൽനിന്ന് എത്തിച്ച ഏകദേശം 100 ഗ്രാം എംഡിഎംഎയുമായി രണ്ട് തവനൂർ സ്വദേശികളെ പൊലീസ് പിടികൂടി. വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്.

തവനൂർ തെക്കുമുറി കരുമത്ത് പറമ്പിൽ മുഹമ്മദ് റിസ്വാൻ (25), തവനൂർ അങ്ങാടിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് ജാസിർ (42) എന്നിവരാണ് അറസ്റ്റിലായത്. തവനൂർ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് ആഴ്ചകളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇരുവരെയും പിടികൂടിയത്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തവനൂരിലും പരിസരപ്രദേശങ്ങളിലും വിൽപ്പന നടത്തുന്നതിനായാണ് ബംഗളൂരുവിൽനിന്ന് എംഡിഎംഎ എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കാറിൽ മയക്കുമരുന്നുമായി എത്തിയ പ്രതികളെ കിലോമീറ്ററുകളോളം പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്.

പ്രദേശത്ത് ലഹരിമരുന്ന് വിൽപ്പന നടത്തുന്നവർ, ഇടനിലക്കാർ, ഉപയോക്താക്കൾ എന്നിവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രതികളിൽനിന്ന് ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. ബംഗളൂരുവിൽനിന്ന് മയക്കുമരുന്ന് എത്തിക്കാൻ സഹായിച്ചവരെയും സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ചും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നിർദേശപ്രകാരം തിരൂർ ഡിവൈഎസ്പി എ.എം. സിദ്ധിഖിന്റെ നേതൃത്വത്തിൽ തിരൂർ ഡാൻസാഫ് സംഘവും കുറ്റിപ്പുറം പൊലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.

ഡാൻസാഫ് സംഘത്തിലെ എഎസ്ഐ രാജേഷ്, എസ്‌സിപിഒ ഉദയകുമാർ, സിപിഒമാരായ ശ്രീഷ്, ഉണ്ണിക്കുട്ടൻ എന്നിവരും വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത്, കുറ്റിപ്പുറം എസ്ഐ, എഎസ്ഐ സജുകുമാർ, എസ്‌സിപിഒമാരായ ഡെന്നിസ്, നിഷാദ്, വിനീത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചുവരികയാണെന്നും മയക്കുമരുന്ന് ശൃംഖലയുമായി ബന്ധപ്പെട്ട കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും തിരൂർ ഡിവൈഎസ്പി എ.എം. സിദ്ധിഖ് അറിയിച്ചു.

Category: തവനൂർ

Recent

Load More