ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റ്: 18-ാം തവണയും ഓവറോൾ ചാമ്പ്യന്മാരായി ഐഡിയൽ കടകശ്ശേരി

September 22, 2026 - By MalappuramMedia

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ പതിനെട്ടാം തവണയും ഐഡിയൽ കടകശ്ശേരി ഓവറോൾ ചാമ്പ്യന്മാരായി.

55 സ്വർണവും 41 വെള്ളിയും 37 വെങ്കലവും ഉൾപ്പെടെ 853.5 പോയിന്റുമായാണ് ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനം നേടിയത്. 12 സ്വർണം, 16 വെള്ളി, 15 വെങ്കലം ഉൾപ്പെടെ 292 പോയിന്റുമായി പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനത്തെത്തി.

16 സ്വർണവും 15 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 284 പോയിന്റുമായി പുത്തനത്താണി റിയൽ റണ്ണേഴ്‌സ് മൂന്നാം സ്ഥാനവും നേടി. സുല്ലമുസ്സലാം സയൻസ് കോളേജ് അരീക്കോട് 177 പോയിന്റുമായി നാലാം സ്ഥാനവും എം.എസ്.എം.എച്ച്.എസ്.എസ്. കല്ലിങ്ങൽപറമ്പ് 116 പോയിന്റുമായി അഞ്ചാം സ്ഥാനവും നേടി.

സമാപനച്ചടങ്ങിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡന്റ് മജിദ് ഐഡിയൽ സമ്മാനദാനം നിർവഹിച്ചു. കിഡ്‌സ് അത്‌ലറ്റിക് ചെയർമാൻ കെ.കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷാഫി അമ്മായത്ത്, അബ്ദുൽ കാദർ ബാപ്പു, ഷുക്കൂർ ഇല്ലത്ത്, സൈഫ് സായിദ്, അജയരാജ്, മുനീർ മേമന, പ്രവീൺ കുമാർ എന്നിവർ സംസാരിച്ചു.

Recent

Load More