കൊണ്ടോട്ടിയിലെ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം: അമ്മയുടെ പേരിൽ കേസെടുത്തു

October 10, 2026 - By MalappuramMedia

കൊണ്ടോട്ടി: മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് അമ്മ കിണറ്റിൽ ചാടിയ സംഭവത്തിൽ അമ്മയുടെ പേരിൽ പോലീസ് കേസെടുത്തു. മുണ്ടക്കുളം മുള്ളൻമടക്കൽ ശ്രീനാഥിന്റെ ഭാര്യ വിഞ്ജുഷ (25)യ്‌ക്കെതിരേ ഭാരതീയ ന്യായസംഹിതയിലെ (ബി.എൻ.എസ്.) 105-ാം വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.

ശ്രീനാഥിന്റെയും വിഞ്ജുഷയുടെയും മകൻ സയാൻ സിദ്ധ് ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയശേഷം കുട്ടിയുടെ മൃതദേഹം മുണ്ടക്കുളത്തെ വീട്ടിലെത്തിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ സംസ്കാരം നടത്തി.

കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയ വിഞ്ജുഷയെ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് വ്യാഴാഴ്ച രാത്രി ഗവ. താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ചതോടെ ആരോഗ്യനില മെച്ചപ്പെട്ട വിഞ്ജുഷയെ ഭർത്തൃവീട്ടിലേക്ക് കൊണ്ടുപോയി.

വ്യാഴാഴ്ച രാവിലെ ഒൻപതോടെ വിഞ്ജുഷയെയും കുഞ്ഞിനെയും കാണാതായതിനെത്തുടർന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിനുസമീപത്തെ ആൾമറയില്ലാത്ത കിണറ്റിൽ ഇരുവരെയും കണ്ടെത്തിയത്. വിഞ്ജുഷ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് കൊണ്ടോട്ടി പോലീസ് സ്ഥിരീകരിച്ചിരുന്നു.

കേസിൽ വരുംദിവസങ്ങളിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Recent

Load More