കരിപ്പൂർ വിമാനത്താവളവും പരിസരവും റെഡ് സോൺ; ഡ്രോൺ, പട്ടം, ലേസർ ഉൾപ്പെടെയുള്ളവയ്ക്ക് നിരോധനം

September 14, 2026 - By MalappuramMedia

കൊണ്ടോട്ടി: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കരിപ്പൂർ രാജ്യാന്തര വിമാനത്താവളവും പരിസര പ്രദേശങ്ങളും താൽക്കാലികമായി റെഡ് സോണായി പ്രഖ്യാപിച്ചു. ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

ഭാരതീയ നാഗരിക സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്.) 2023-ലെ 163-ാം വകുപ്പ് പ്രകാരമാണ് ഉത്തരവ്. ഇന്നലെ കരിപ്പൂരിൽ വിമാനമിറങ്ങിയ മലേഷ്യൻ പ്രധാനമന്ത്രി ഇന്ന് ജില്ലയിൽ വിവിധ സന്ദർശനങ്ങൾ നടത്തും.

കരിപ്പൂർ വിമാനത്താവളത്തിന് പുറമെ കൊണ്ടോട്ടി നഗരസഭ, വി.വി.ഐ.പി. സഞ്ചരിക്കുന്ന പാതയോരത്തെ പഞ്ചായത്തുകൾ, അദ്ദേഹം താമസിക്കുന്ന കാക്കഞ്ചേരിയിലെ തുല ക്ലിനിക്കൽ വെൽനെസ് സാങ്ച്വറി, ഇതിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങൾ എന്നിവയും റെഡ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതുവരെയാണ് ഉത്തരവിന് പ്രാബല്യം. ഈ പ്രദേശങ്ങളിൽ ഡ്രോണുകൾ, പാരാഗ്ലൈഡറുകൾ, ബലൂണുകൾ, പട്ടങ്ങൾ, ആകാശത്തേക്ക് ഉയരുന്ന പടക്കങ്ങൾ, പ്രകാശം പുറപ്പെടുവിക്കുന്ന വസ്തുക്കൾ, ലേസർ ബീമുകൾ എന്നിവയുടെ ഉപയോഗം കർശനമായി നിരോധിച്ചിട്ടുണ്ട്.

വിമാനങ്ങളുടെയോ വി.വി.ഐ.പിയുടെയോ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

Recent

Load More