ഇ.എസ്.എ. വിജ്ഞാപനത്തിനെതിരേ ചാലിയാർ പഞ്ചായത്ത്  പ്രമേയം പാസാക്കി.

September 23, 2026 - By North Malappuram


നിലമ്പൂർ: ഇ.എസ്.എ. കരട് വിജ്ഞാപനത്തിൽനിന്ന് അകമ്പാടം, കുറുമ്പലങ്ങോട് വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചാലിയാർ പഞ്ചായത്ത് പ്രത്യേക ഗ്രാമസഭ പ്രമേയം പാസാക്കി.

നിലമ്പൂർ താലൂക്കിലെ 11 വില്ലേജുകളാണ് ഇ.എസ്.എ. കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ചാലിയാർ പഞ്ചായത്തിന്റെ ഭാഗങ്ങൾ കുറുമ്പലങ്ങോട്, അകമ്പാടം, പുള്ളിപ്പാടം വില്ലേജുകളിലാണ്. അകമ്പാടം, കുറുമ്പലങ്ങോട് വില്ലേജുകൾ കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടതോടെ പഞ്ചായത്തിലെ 16 വാർഡുകളിൽ പെരുവമ്പാടം ഒഴികെയുള്ള 15 വാർഡുകളും ഇ.എസ്.എ. പരിധിയിലായി.

ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് ഹാളിൽ പ്രത്യേക ഗ്രാമസഭ ചേർന്ന് അകമ്പാടം, കുറുമ്പലങ്ങോട് വില്ലേജുകളെ ഇ.എസ്.എ. കരട് വിജ്ഞാപനത്തിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീ സുരേഷ് അധ്യക്ഷത വഹിച്ചു. അനീഷ് അഗസ്റ്റ്യൻ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തോണിക്കടവൻ ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബീന ആന്റണി, റസിയ മാട്ടേൽ, പഞ്ചായത്തംഗങ്ങളായ കാട്ടുമുണ്ട ബഷീർ, ബിജി സുരേഷ്, നസീമ, പ്രവീണ, മൈമൂന, രാഷ്ട്രീയപാർട്ടി പ്രതിനിധി എം. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

Category: ഏറനാട്

Recent

Load More