കരിപ്പൂരിൽ 90 ലക്ഷത്തിന്റെ സ്വർണം പിടികൂടി; ദോഹയിൽനിന്നെത്തിയ യാത്രക്കാരൻ കസ്റ്റഡിയിൽ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കാൽമുട്ടുകളിലും ധരിച്ച നിക്കർ ക്യാപ്പിനുള്ളിലും സ്വർണം ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. ദോഹയിൽനിന്ന് കോഴിക്കോട്ടെത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശി ഷുഹൈബ് (27) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 764 ഗ്രാം സ്വർണ മിശ്രിതം പിടികൂടി.
വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ച് പുറത്തുകടക്കാൻ ശ്രമിച്ച യാത്രക്കാരനെ മിനിറ്റുകൾക്കകം ടെർമിനലിനു പുറത്തുവെച്ച് കരിപ്പൂർ പൊലീസ് പിന്തുടർന്ന് പിടികൂടിയതാണെന്ന് റിപ്പോർട്ട്. 90 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണമെന്ന് പ്രാഥമിക കണക്ക്. തുടരന്വേഷണത്തിനായി കേസ് കസ്റ്റംസിന് കൈമാറി.
