അസ്മിത കപ്പിൽ ചരിത്രമെഴുതി നിലമ്പൂർ മാനവേദൻ സ്കൂളിന്റെ പെൺപട

November 18, 2026 - By North Malappuram

നിലമ്പൂർ: ഖേലോ ഇന്ത്യയുടെ ഭാഗമായി എറണാകുളത്ത് നടന്ന 2026 സീസൺ സംസ്ഥാനതല വനിതാ ഫുട്ബോൾ അസ്മിത കപ്പിൽ നിലമ്പൂർ യുണൈറ്റഡ് എഫ്സി റണ്ണേഴ്സ് അപ്പ് കിരീടം നേടി. മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് ഒരു ടീം ആദ്യമായാണ് അസ്മിത കപ്പിൽ ഈ നേട്ടം കൈവരിക്കുന്നത്.

യുവജന ക്ലബ്ബുകൾക്കായി സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ ചരിത്രനേട്ടം സ്വന്തമാക്കിയ ടീമിലെ 12 കളിക്കാരും നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. സെമിഫൈനലിൽ തൃശൂരിനെ പരാജയപ്പെടുത്തിയാണ് നിലമ്പൂർ ടീം ഫൈനലിലെത്തിയത്. ഫൈനലിൽ പാലക്കാടുമായി സമനിലയിൽ പിരിഞ്ഞതിനെ തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലാണ് ടീം പരാജയപ്പെട്ടത്.

കഴിഞ്ഞ സംസ്ഥാന സുബ്രതോ കപ്പ് ചാമ്പ്യന്മാരായ മാനവേദൻ സ്കൂൾ അസ്മിത കപ്പിലെ നേട്ടത്തിലൂടെ വീണ്ടും സംസ്ഥാന ശ്രദ്ധ നേടുകയാണ്. കോച്ച് കമാലുദ്ദീൻ മോയിക്കലിന്റെയും ഫിസിക്കൽ എജ്യൂക്കേഷൻ അധ്യാപകൻ ഷാഹിദ് കോഴിശ്ശേരിയുടെയും പരിശീലനത്തിലാണ് ടീം ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്.

ചരിത്രനേട്ടവുമായി മടങ്ങിയെത്തിയ ടീമിന് നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം.എം. അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ പി.ടി.എ., എസ്എംസി ഭാരവാഹികളും നാട്ടുകാരും ചേർന്ന് ഉജ്വല സ്വീകരണം നൽകി. തുടർച്ചയായ സംസ്ഥാനതല നേട്ടങ്ങളിലൂടെ നിലമ്പൂരിന്റെയും മലപ്പുറം ജില്ലയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് മാനവേദന്റെ പെൺപട.

—

Recent

Load More