തിരൂരിൽ ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം; മക്കൾക്ക് ഗുരുതര പരിക്ക്

October 13, 2026 - By Malapuram

തിരൂർ: മക്കളോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതി ബസ്സിടിച്ച് മരിച്ചു. നിറമരുതൂർ പഞ്ചാരമൂല മേലെവീട്ടിൽ ഹിഷാമിന്റെ ഭാര്യ തസ്നി (35) ആണ് മരിച്ചത്. അപകടത്തിൽ മക്കളായ ഫാത്തിമ ഷെസ (14), ഷെസാൻ മുസ്തഫ (8) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഏഴോടെ തിരൂർ–ഉണ്യാൽ റോഡിലാണ് അപകടം. കൂട്ടായിയിൽനിന്ന് തിരൂരിലേക്ക് വരികയായിരുന്ന കല്ലിങ്ങൽ ബസ് തെറ്റായ വശത്തേക്ക് കയറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. തിരൂർ ഭാഗത്തുനിന്ന് ഉണ്യാൽ ഭാഗത്തേക്ക് പോകുകയായിരുന്നു തസ്നിയും മക്കളും.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ തസ്നി ബസ്സിനടിയിൽപ്പെടുകയായിരുന്നു. സ്കൂട്ടറുമായി അൽപദൂരം മുന്നോട്ടുപോയ ശേഷമാണ് ബസ് നിന്നതെന്ന് നാട്ടുകാർ പറഞ്ഞു. തസ്നി സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിനു പിന്നാലെ ബസ് ഡ്രൈവർ ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ പോലീസ് കേസെടുത്തു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് ഉണ്യാൽ ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടക്കും.

Category: തിരൂർ

Recent

Load More