വണ്ടൂരിൽ മഞ്ഞപ്പിത്തം പടരുന്നുഒറ്റദിവസം 15 പേർക്ക് രോഗം സ്ഥിരികരിച്ചു.
വണ്ടൂർ: വണ്ടൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തബാധിതരുടെ എണ്ണം വർധിക്കുന്നു. ഒറ്റദിവസം കൊണ്ട് 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഞ്ചേരി റോഡിലെ ഒരു റസ്റ്ററന്റിൽനിന്ന് ഭക്ഷണം കഴിച്ചവരിലാണ് കൂടുതലായി രോഗബാധ കണ്ടെത്തിയതെന്നാണ് വിവരം. രോഗികളുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു.
പഞ്ചായത്തിന്റെ സഹകരണത്തോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കും. ഭക്ഷണശാലകളിൽ ശുചിത്വ പരിശോധന നടത്തുന്നതിനായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങും. ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും രോഗപരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
മലയോര മേഖലയിൽ മഞ്ഞപ്പിത്തം, എലിപ്പനി, വൈറൽ പനി, അഞ്ചാംപനി, വയറിളക്കരോഗങ്ങൾ എന്നിവ വ്യാപിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പോരൂർ പഞ്ചായത്തിലെ രണ്ട് യുവാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.
കണ്ണിലും മൂത്രത്തിലും മഞ്ഞനിറം, അമിതക്ഷീണം, വയറുവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ ഉടൻ ആരോഗ്യപരിശോധന നടത്തണം. സ്വയംചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണമെന്നും അധികൃതർ അറിയിച്ചു.
കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യുക, തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക, വ്യക്തിശുചിത്വം പാലിക്കുക, ഭക്ഷണം കഴിക്കുന്നതിന് മുമ്പ് സോപ്പുപയോഗിച്ച് കൈ കഴുകുക, പഴകിയ ഭക്ഷണവും പാനീയങ്ങളും ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം.
ആശാപ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വാർഡുതല പരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും നടത്തും. രോഗവ്യാപനം തടയുന്നതിന് പൊതുജനങ്ങളും ഭക്ഷണശാല ഉടമകളും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
