പെരിന്തൽമണ്ണയിൽ 11.63 ഗ്രാം എംഡിഎംഎയുമായി നഴ്സിങ് വിദ്യാർഥിനിയടക്കം രണ്ടുപേർ പിടിയിൽ
പെരിന്തൽമണ്ണ: ലഹരിക്കടത്തും വിൽപ്പനയും തടയുന്നതിനായി പോലീസ് പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി പെരിന്തൽമണ്ണ ടൗണിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ 11.63 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേർ അറസ്റ്റിലായി.
മണ്ണാർമല പച്ചീരി സ്വദേശി റാവുത്തർ വീട്ടിൽ ജാസിർ അർഷാദ് എന്ന ജാസി (20), അങ്ങാടിപ്പുറം ജൂബിലി റോഡ് അമ്പലക്കുത്ത് വീട്ടിൽ ഷഹാന മിധ (20) എന്നിവരാണ് പിടിയിലായത്. നഴ്സിങ് വിദ്യാർഥിനിയാണ് ഷഹാന മിധയെന്ന് റിപ്പോർട്ടിൽ പറയുന്നു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പെരിന്തൽമണ്ണ എസ്ഐ അൻവർ സാദിഖും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
ലഹരിവസ്തുക്കളുടെ ഉപയോഗത്തിനും വിൽപ്പനയ്ക്കും വാഹനവും സാമ്പത്തിക സഹായവും നൽകി പിന്തുണയ്ക്കുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് പെരിന്തൽമണ്ണ ഡിവൈഎസ്പി ഗോപകുമാർ അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.
