പോരൂർ കോട്ടക്കുന്നിലെ എം.സി.എഫ്-ൽ മാലിന്യക്കൂമ്പാരം; അടിയന്തര നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ
പോരൂർ: ഗ്രാമപഞ്ചായത്തിലെ കോട്ടക്കുന്നിൽ ഒരു വർഷത്തോളമായി പ്രവർത്തനരഹിതമായി കിടക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയിൽ (എം.സി.എഫ്) മാലിന്യങ്ങൾ കുന്നുകൂടുന്നതിനെതിരെ അടിയന്തര നടപടിയാവശ്യപ്പെട്ട് ഡിവൈഎഫ്ഐ. മാലിന്യങ്ങൾ നീക്കം ചെയ്ത് പ്രദേശം ശുചീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ കോട്ടക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.
മാസങ്ങളായി മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിനാൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വലിയ തോതിൽ കെട്ടിക്കിടക്കുകയാണെന്നാണ് പരാതി. മാലിന്യങ്ങൾക്കിടയിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് ദുർഗന്ധത്തിനും കൊതുകുകളുടെ വ്യാപനത്തിനും ഇടയാക്കുന്നതായും ഇത് പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നതായും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പ്രദേശവാസിയായ ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ച സംഭവവും പ്രദേശത്ത് ആശങ്ക വർധിപ്പിച്ചതായി പ്രവർത്തകർ പറഞ്ഞു.
നിലവിൽ പോരൂർ ഗ്രാമപഞ്ചായത്തിന്റെ എം.സി.എഫ് അയനിക്കോടാണ് പ്രവർത്തിക്കുന്നത്. വീടുകളിൽനിന്ന് ഹരിതകർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ സമയബന്ധിതമായി നീക്കം ചെയ്യാത്തതാണ് കോട്ടക്കുന്നിലെ പഴയ എം.സി.എഫ്-ൽ മാലിന്യം കുന്നുകൂടാൻ കാരണമെന്നാണ് ഡിവൈഎഫ്ഐയുടെ ആരോപണം.
കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യുക, പ്രദേശം ശുചീകരിക്കുക, ആവശ്യമായ ആരോഗ്യസുരക്ഷാ നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പരാതിയിലുള്ളത്. നടപടി വൈകിയാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഡിവൈഎഫ്ഐ കോട്ടക്കുന്ന് യൂണിറ്റ് അറിയിച്ചു.
ഡിവൈഎഫ്ഐ പോരൂർ മേഖലാ സെക്രട്ടറി സി.പി. പ്രണവ്, മേഖലാ വൈസ് പ്രസിഡന്റ് എം.ടി. അശ്വതി, കോട്ടക്കുന്ന് യൂണിറ്റ് സെക്രട്ടറി പി. സാദിക്ക്, യൂണിറ്റ് പ്രസിഡന്റ് എ.കെ. അജ്നാസ് എന്നിവർ പഞ്ചായത്ത് സെക്രട്ടറി കെ.ആർ. സുരേഷിനാണ് പരാതി നൽകിയത്.
