കൊണ്ടോട്ടിയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു അമ്മയെ രക്ഷിച്ചു
കൊണ്ടോട്ടി: എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടിയ അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. കുഞ്ഞ് മരിച്ചു. മുണ്ടക്കുളത്ത് മുള്ളൻമടക്കൽ ശ്രീനാഥിന്റെയും വിഞ്ജുഷയുടെയും മകൻ സയാൻ സിദ് ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒൻപതു മുതൽ അമ്മയെയും കുഞ്ഞിനെയും കാണാനില്ലായിരുന്നു. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരും വീട്ടിലില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. വിഞ്ജുഷയുടെ മൊബൈൽ ഫോൺ വീട്ടിൽത്തന്നെയുണ്ടായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചിൽ നടത്തി.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മുണ്ടക്കുളത്തെ സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള കിണറ്റിൽ ഇരുവരെയും കണ്ടെത്തി. കിണർ മൂടിയിരുന്ന വലയുടെ ഒരു ഭാഗത്ത് വിടവ് കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ കണ്ടെത്തിയത്.
കുഞ്ഞിനെ കൈയിലെടുത്ത് കിണറിന്റെ പടവിൽ പിടിച്ചുനിൽക്കുന്ന നിലയിലായിരുന്നു വിഞ്ജുഷ. നാട്ടുകാർ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല. വിഞ്ജുഷ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവം ആത്മഹത്യാശ്രമമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പോലീസ് അറിയിച്ചു. ആത്മഹത്യാസൂചനയുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് വിഞ്ജുഷയ്ക്കെതിരെ പോലീസ് കേസെടുത്തു.
