സംസ്ഥാനത്തെ ആദ്യ ലോട്ടസ് അസംബ്ലി സംഘടിപ്പിച്ച് തിരുനാവായ എ.എം.എൽ.പി സ്കൂൾ

October 08, 2026 - By Malapuram

തിരുനാവായ: തിരുനാവായയിലെ താമരപ്പെരുമ പുതുതലമുറയിലൂടെ പുറംലോകത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെ തിരുനാവായ എ.എം.എൽ.പി സ്കൂൾ മെഗാ താമരപ്പൂക്കളവും ലോട്ടസ് അസംബ്ലിയും സംഘടിപ്പിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വിദ്യാലയം ലോട്ടസ് അസംബ്ലി സംഘടിപ്പിക്കുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ താമര കൃഷി ചെയ്യുന്നത് തിരുനാവായയിലാണ്. തിരുനാവായയിലും സമീപ പ്രദേശങ്ങളായ കൊടയ്ക്കൽ–വാവൂർതാഴം, വലിയപറപ്പൂർ, തിരുത്തി, പല്ലാർ, എടക്കുളം, ചാലിയാർപാടം തുടങ്ങിയ പ്രദേശങ്ങളിലായി ഏകദേശം 1000 ഹെക്ടർ സ്ഥലത്ത് വാണിജ്യാടിസ്ഥാനത്തിൽ താമര കൃഷി ചെയ്യുന്നുണ്ട്. ഇവിടെനിന്ന് ഉത്തരേന്ത്യയിലെയും വിവിധ ക്ഷേത്രങ്ങളിലേക്കും പൂജാ ആവശ്യങ്ങൾക്കായി ദിവസേന വൻതോതിൽ താമരപ്പൂക്കൾ കയറ്റി അയയ്ക്കുന്നു.
തിരുനാവായയിലെ താമരകൾ ചെന്താമര വിഭാഗത്തിൽപ്പെട്ടതിനാൽ ആവശ്യക്കാർ ഏറെയാണ്. എന്നാൽ സീസൺ കഴിഞ്ഞാൽ ആവശ്യക്കാർ കുറയുന്നതോടെ ലക്ഷക്കണക്കിന് താമരപ്പൂക്കൾ നശിച്ചുപോകുന്ന സാഹചര്യമുണ്ട്. താമര ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കൾ, ഔഷധങ്ങൾ, വസ്ത്രനാരുകൾ, സൗന്ദര്യവർധക വസ്തുക്കൾ, പാനീയങ്ങൾ, അച്ചാറുകൾ തുടങ്ങിയ വിവിധ ഉൽപ്പന്നങ്ങൾ നിർമിച്ച് ഓഫ് സീസണിലും കർഷകർക്ക് വരുമാനം ഉറപ്പാക്കാമെന്ന സന്ദേശവും പരിപാടിയിലൂടെ നൽകി.
പ്രദേശത്തെ കർഷകനായ ജനാർദനൻ മമ്മിളിയത്തിന്റെ താമര കൃഷിയിടത്തിൽനിന്നുള്ള ആയിരത്തോളം താമരപ്പൂക്കളാണ് അസംബ്ലിക്കായി പൂക്കളമൊരുക്കാൻ ഉപയോഗിച്ചത്.
പഞ്ചായത്ത് കൃഷി ഓഫീസർ പി. ഫസ്‌ന ലോട്ടസ് അസംബ്ലി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഷെറി. കെ. തോലത്ത് അധ്യക്ഷത വഹിച്ചു. ‘തിരുനാവായയിലെ താമരകൾ’ എന്ന വിഷയത്തിൽ സൽമാൻ കരിമ്പനക്കൽ സംസാരിച്ചു. അബ്ദുൽ വാഹിദ് കെ.കെ., സൂരജ് സൈമൺ, ഷൈൻമോൾ സി.ജെ., ലീന ടി.കെ., ഉഷ വി.സി. എന്നിവർ പങ്കെടുത്തു.

Category: തിരൂർ

Recent

Load More