മഞ്ചേരിയിൽ ഇടിമിന്നലിൽ വീട് തകർന്നു; ഗൃഹോപകരണങ്ങൾ കത്തിനശിച്ചു, 2 ലക്ഷം രൂപയുടെ നഷ്ടം
മഞ്ചേരി: ശക്തമായ മഴയ്ക്കിടെ ഉണ്ടായ ഇടിമിന്നലിൽ പയ്യനാട് അമയംകോട് സ്വദേശി മാഞ്ചേരി അബ്ദുള്ളയുടെ വീടിന് വ്യാപക നാശനഷ്ടം. ഒക്ടോബർ 4 ഞായറാഴ്ച പുലർച്ചെ 2.30ഓടെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. സംഭവത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമിക കണക്ക്.
ഇടിമിന്നലിന്റെ ആഘാതത്തിൽ വീടിന്റെ വയറിംഗിന് തീപിടിച്ച് കത്തിനശിച്ചു. സ്വിച്ച് ബോർഡുകൾ, ഡിസ്ട്രിബ്യൂഷൻ ബോർഡ്, മെയിൻ സ്വിച്ച്, ലൈറ്റുകൾ എന്നിവ തകർന്നതോടെ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. മുകളിലത്തെ നിലയിലെ ഓടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
ചുമരുകളിലും സീലിംഗിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഫ്രിഡ്ജ്, എ.സി., വാഷിംഗ് മെഷീൻ, ഇൻവെർട്ടർ, മോട്ടോർ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും ഗൃഹോപകരണങ്ങളും തകരാറിലായി.
ഇടിമിന്നലിനെ തുടർന്ന് വലിയ പ്രകമ്പനമുണ്ടായെങ്കിലും ആളപായമില്ല. സാമ്പത്തിക നഷ്ടം നേരിട്ട കുടുംബത്തിന് അർഹമായ സഹായം ലഭ്യമാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി പരിശോധന നടത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
