അടച്ചിട്ട വീട്ടിൽ മോഷണം; പ്രതി മഞ്ചേരി പൊലീസിന്റെ പിടിയിൽ
മഞ്ചേരി: വായ്പാറപ്പടിയിലെ അടച്ചിട്ട വീട്ടിൽ മോഷണം നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം നെച്ചിക്കുണ്ട് വേണുഗാനൻ (54) ആണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ 26ന് വായ്പാറപ്പടി സ്വദേശി അനിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. അനിൽ കുടുംബസമേതം മഹാരാഷ്ട്രയിലേക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി, അനിലിന്റെ അച്ഛന്റെ പെൻഷൻ തുകയായ 60,000 രൂപ മോഷ്ടിക്കുകയായിരുന്നു. വീടിന്റെ വാതിൽ തകർത്താണ് അകത്തുകയറിയത്.
മോഷണക്കേസിൽ കോഴിക്കോട് ജയിലിലായിരുന്ന വേണുഗാനൻ കഴിഞ്ഞ ഫെബ്രുവരിയിലാണ് പുറത്തിറങ്ങിയത്. വായ്പാറപ്പടിയിലെ മോഷണത്തിന് ശേഷം ഗൂഡല്ലൂരിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെ പെരിന്തൽമണ്ണ പൊലീസ് മറ്റൊരു കേസിൽ ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് വായ്പാറപ്പടി മോഷണക്കേസിലും തുമ്പുണ്ടായത്.
തുടർന്ന് മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. മോഷണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പും നടത്തി. ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷം പെരിന്തൽമണ്ണ, മഞ്ചേരി, മങ്കട എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ടെന്നും നിലവിൽ പതിനാറോളം മോഷണക്കേസുകളിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു.
മഞ്ചേരി ഇൻസ്പെക്ടർ ടി.ജി. ദിലീപ്, എസ്.ഐ. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
