വധശ്രമക്കേസിലെ പ്രതിയെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു

September 25, 2026 - By MalappuramMedia

പരപ്പനങ്ങാടി: വധശ്രമക്കേസിലെ പ്രതിയെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. ആനങ്ങാടി മാനംകുഴി വാടിക്കൽ വീട്ടിൽ ഷൗക്കത്തലി (40)യെയാണ് പൊലീസ് പിടികൂടിയത്.

ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്ന ആനങ്ങാടി കീഴെപ്പാട്ട് സതീശനെ കത്തികൊണ്ട് കുത്തിക്കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. സതീശന്റെ കണ്ണിന് താഴെയും നെറ്റിയിലും നിരവധി കുത്തേറ്റിട്ടുണ്ട്.

കഞ്ചാവ് വിൽപ്പന നടത്തുന്നത് പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞതിലുള്ള വൈരമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കാപ്പ ഉൾപ്പെടെ ഒമ്പതോളം കേസുകളിൽ ഷൗക്കത്തലി പ്രതിയാണെന്നും പൊലീസ് അറിയിച്ചു. പകൽ സമയങ്ങളിൽ മത്സ്യക്കച്ചവടവും അതിനുശേഷം കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തുന്നതായി ഇയാൾക്കെതിരെ ആരോപണമുണ്ടെന്നും പൊലീസ് പറഞ്ഞു.

തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി എസ്.എച്ച്.ഒ ജയപ്രകാശ്, സി.പി.ഒമാരായ ജാസർ, ശ്യാം പ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Category: താനൂർ

Recent

Load More