പൂക്കോട്ടുംപാടത്ത് അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ ദമ്പതികൾക്ക് വെട്ടേറ്റു
പൂക്കോട്ടുംപാടം: അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ദമ്പതികൾക്ക് വെട്ടേറ്റു. പൂക്കോട്ടുംപാടം ചെട്ടിപ്പാടം പൊട്ടിയിലാണ് സംഭവം. പുത്തൻവീട്ടിൽ ജിബിൻ, ഭാര്യ സുജന എന്നിവർക്കാണ് പരിക്കേറ്റത്.
കളത്തിങ്ങൽ സുധീഷാണ് തങ്ങളെ ആക്രമിച്ചതെന്ന് ജിബിൻ പറഞ്ഞു. പരിക്കേറ്റ ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിബിന് തലയിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെയാണ് സുജനയ്ക്കും പരിക്കേറ്റത്.
കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെ സുധീഷും ജിബിനും തമ്മിൽ പുഴയിൽവെച്ച് വാക്കേറ്റമുണ്ടായതായി പറയുന്നു. തുടർന്ന് ഇരുവരും വീടുകളിലേക്ക് മടങ്ങി. പിന്നീട് ജിബിനും ഭാര്യയും സുധീഷിന്റെ വീട്ടിലെത്തിയതോടെ വീണ്ടും വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.
തുടർന്ന് സുധീഷ് വീട്ടിൽ സൂക്ഷിച്ചിരുന്ന കൈക്കോട്ട്, കോടാലി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് ജിബിന്റെ ആരോപണം. കോടാലികൊണ്ടുള്ള വെട്ടിലാണ് ജിബിന് പരിക്കേറ്റത്.
സംഭവത്തിൽ സുധീഷിനെ പൂക്കോട്ടുംപാടം പോലീസ് കസ്റ്റഡിയിലെടുത്തു.
