സദ്യക്കൊപ്പം സൗജന്യ മെഡിക്കൽ ക്യാമ്പ്; വേറിട്ട കാഴ്ചയായി കൊണ്ടോട്ടിയിലെ വിവാഹവേദി
കൊണ്ടോട്ടി: വിവാഹവേദിയിലെത്തിയ അതിഥികളെ കാത്തിരുന്നത് സദ്യയും ആഘോഷങ്ങളും മാത്രമായിരുന്നില്ല. ആരോഗ്യപരിശോധനയ്ക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പും ഒരുക്കി വേറിട്ട മാതൃകയാവുകയായിരുന്നു അരിക്കോട് സ്വദേശികളായ അമൽദേവിന്റെയും അമൃത അരവിന്ദിന്റെയും വിവാഹം.
കാവനൂരിൽ നടന്ന വിവാഹച്ചടങ്ങിനോടനുബന്ധിച്ച് നാട്ടുകാർക്കും ബന്ധുമിത്രാദികൾക്കുമായി അരിക്കോട് ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. വിവാഹവേദിയിലെത്തിയവർക്ക് പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ പരിശോധിക്കുന്നതിനൊപ്പം ഇ.സി.ജി, രക്തപരിശോധന തുടങ്ങിയ സൗകര്യങ്ങളും സൗജന്യമായി ലഭ്യമാക്കി.
250-ലധികം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്. വിവാഹവേദിയിൽ തന്നെ ആരോഗ്യപരിശോധനയ്ക്ക് അവസരം ലഭിച്ചത് പങ്കെടുത്തവർക്ക് നവ്യാനുഭവമായി.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയും ഡിജിറ്റൽ മീഡിയ ഇൻഫ്ലുവൻസറുമായ വരൻ അമൽദേവും അരിക്കോട് സ്വദേശിയായ വധു അമൃത അരവിന്ദും ചേർന്നാണ് തങ്ങളുടെ വിവാഹദിനത്തിൽ ഈ വേറിട്ട ആശയം നടപ്പാക്കിയത്.
പഠനകാലം മുതൽ ആരോഗ്യരംഗത്തെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ ആരോഗ്യപരിശോധന പദ്ധതികളിലും എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലും വോളന്റിയറായി പ്രവർത്തിച്ചിട്ടുണ്ടെന്നും അമൽദേവ് പറഞ്ഞു. പ്രിയപ്പെട്ടവരുടെ സന്തോഷത്തിനൊപ്പം അവരുടെ ആരോഗ്യത്തിനും പ്രാധാന്യം നൽകണമെന്ന ചിന്തയാണ് വിവാഹവേദിയിൽ മെഡിക്കൽ ക്യാമ്പ് ഒരുക്കാൻ പ്രേരണയായതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാഹവേദിയിലെ വേറിട്ട ആശയത്തെ അരിക്കോട് ആസ്റ്റർ മിംസ് ആശുപത്രി അധികൃതരും അഭിനന്ദിച്ചു. ആഘോഷങ്ങൾക്കൊപ്പം സാമൂഹിക പ്രതിബദ്ധതയ്ക്കും പ്രാധാന്യം നൽകുന്ന ഇത്തരം മാതൃകകൾ ആരോഗ്യബോധവൽക്കരണത്തിന് സഹായകരമാകുമെന്നും അധികൃതർ പറഞ്ഞു.
ആഡംബരങ്ങൾക്കപ്പുറം പ്രിയപ്പെട്ടവരുടെ ആരോഗ്യത്തിന് കരുതലൊരുക്കിയ ഈ വിവാഹം പങ്കെടുത്തവർക്കും വേറിട്ട അനുഭവമായി.
