യുവാക്കൾക്ക് നൂതന പദ്ധതികളുമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്

September 22, 2026 - By Malapuram

വേങ്ങര: തനത് ഫണ്ടുകൾ പരിമിതമായ സാഹചര്യത്തിലും യുവാക്കളെ തദ്ദേശ സ്വയംഭരണ പദ്ധതികളുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിനായി നൂതന പദ്ധതികളുമായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത്. ‘യുവം 2026’ എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ യുവജനങ്ങളുടെ കഴിവുകളും കരുത്തും നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.
ബ്ലോക്ക് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ യുവജന ക്ലബ്ബ് അംഗങ്ങൾക്കായി 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ഉൾപ്പെടെ വിവിധ ക്ഷേമ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന യുവജന ക്ലബ്ബിന് 20,000 രൂപ ക്യാഷ് അവാർഡും നൽകും.
പി.ജി. കോഴ്‌സ് ചെയ്യുന്ന വിദ്യാർഥിനികൾക്കായി പ്രത്യേക സ്കോളർഷിപ്പ്, യുവാക്കൾക്കായി ഓഫ്‌റോഡ് മത്സരങ്ങൾ, ട്രക്കിംഗ്, മഡ് ഫുട്ബോൾ തുടങ്ങിയ പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും. 40 വയസ്സ് പിന്നിട്ടവർക്കായി പ്രത്യേക മത്സരങ്ങളും നടത്തും.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പരിധിയിലെ 200 യുവജന ക്ലബ്ബുകളിൽനിന്നായി 500-ലധികം പ്രതിനിധികൾ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. അബൂത്വാഹിർ ‘യുവം 2026’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി.
വൈസ് പ്രസിഡന്റ് പി.ടി. ജുസൈറ മൻസൂർ അധ്യക്ഷത വഹിച്ചു. ഇ.കെ. സുബൈർ മാസ്റ്റർ, പി.ടി. സലാഹ്, കെ.പി. സുലൈഖ, പി.ടി. റസിയ, വി.കെ. അബ്ദുൽ മജീദ്, നാസർ തെന്നല, ഷംലത്ത് കവറൊടി, ഷീജാ ചന്ദ്രൻ, ഖദീജ ചുക്കൻ, സി.വി. സഫൂറ, ഹസീന തയ്യിൽ, യൂത്ത് കോഓർഡിനേറ്റർ ആയിശ പുലാക്കടവത്ത് എന്നിവർ സംസാരിച്ചു. വിവിധ ക്ലബ്ബ് ഭാരവാഹികളും ചർച്ചയിൽ പങ്കെടുത്തു.

Category: വേങ്ങര

Recent

Load More