ഊർങ്ങാട്ടിരിയിൽ മൂന്നുവയസ്സുകാരൻ കൃത്രിമക്കുളത്തിൽ മുങ്ങിമരിച്ചു
അരീക്കോട്: മീൻ വളർത്താനായി നിർമിച്ച കൃത്രിമക്കുളത്തിൽ വീണ് മൂന്നുവയസ്സുകാരൻ മുങ്ങിമരിച്ചു. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കുത്തൂപ്പറമ്പ് ജി.എൽ.പി. സ്കൂളിനു സമീപം താമസിക്കുന്ന കെ.എസ്.ഇ.ബി. കരാർ ജീവനക്കാരൻ ചെമ്പായി കമ്പളവൻ അബ്ദുൽ അലി–ഫാബിമോൾ ദമ്പതിമാരുടെ മകൻ അലനാണ് മരിച്ചത്.
വീട്ടുകാരുടെ ശ്രദ്ധ തെറ്റിയ സമയത്ത് കുട്ടി തൊട്ടടുത്ത പറമ്പിലെ മീൻവളർത്തുകുളത്തിനടുത്തെത്തി വെള്ളത്തിൽ വീണതായാണ് കരുതുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും സമീപവാസികളും നടത്തിയ തിരച്ചിലിലാണ് വെള്ളത്തിൽ വീണുകിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.
ഗുരുതരാവസ്ഥയിലായിരുന്ന കുട്ടിയെ ഉടൻ അരീക്കോട് മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമനടപടികൾ പൂർത്തിയാക്കി കുത്തൂപ്പറമ്പ് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം നടത്തി.
