കരിമ്പുഴ വന്യജീവിസങ്കേതത്തിന് ചുറ്റും 44.24 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതിലോല മേഖല
കാളികാവ്: കരിമ്പുഴ വന്യജീവിസങ്കേതത്തിന് ചുറ്റുമുള്ള 44.24 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോല മേഖലയായി (ഇ.എസ്.സെഡ്.) പ്രഖ്യാപിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അന്തിമ വിജ്ഞാപനം പുറപ്പെടുവിച്ചു.
2025 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിലെ പരിധിയിലും അതിർത്തികളിലും മാറ്റമില്ലാതെയാണ് അന്തിമ വിജ്ഞാപനം പുറത്തിറക്കിയത്. കരട് വിജ്ഞാപനത്തിനെതിരെ എതിർപ്പുകളോ നിർദേശങ്ങളോ ലഭിച്ചില്ലെന്നും കേന്ദ്ര മന്ത്രാലയം വ്യക്തമാക്കി.
2020 ജൂലൈയിലാണ് കരിമ്പുഴ വന്യജീവിസങ്കേതം ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിച്ചത്. കേരളത്തിലെ ഏറ്റവും പുതിയ വന്യജീവിസങ്കേതങ്ങളിലൊന്നായ കരിമ്പുഴയുടെ ഇ.എസ്.സെഡ്. മേഖലയിൽ കരിമ്പുഴ, കരുളായി, കാളികാവ്, വഴിക്കടവ് വനമേഖലകളുടെ ഭാഗങ്ങൾ ഉൾപ്പെടുന്നു.
ഇ.എസ്.സെഡ്. മേഖലയിൽ പുതിയ റോഡുകളുടെ നിർമാണം, നിലവിലുള്ള റോഡുകളുടെ വീതികൂട്ടൽ ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾക്ക് നിബന്ധനകൾ ബാധകമാകും. വന്യജീവിസങ്കേതത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഏറ്റവും കൂടുതൽ ഇ.എസ്.സെഡ്. പരിധിയുള്ളത്; ഇവിടെ ഇത് 3.20 കിലോമീറ്റർ വരെയാണ്. വടക്കുപടിഞ്ഞാറ് രണ്ട് കിലോമീറ്ററും തെക്കുപടിഞ്ഞാറ് 0.60 മുതൽ ഒരു കിലോമീറ്റർ വരെയുമാണ് പരിധി.
മുക്കൂർത്തി ദേശീയോദ്യാനം, സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ ബഫർ മേഖല, തമിഴ്നാട് അതിർത്തി എന്നിവയോട് ചേർന്ന വടക്ക്, വടക്കുകിഴക്ക്, കിഴക്ക്, തെക്കുകിഴക്ക്, തെക്ക് ഭാഗങ്ങളിലും ഇ.എസ്.സെഡ്. പരിധി ഉൾപ്പെടുന്നു.
