മലപ്പുറം ജില്ലയിലെ നാല് പഞ്ചായത്ത് വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ്; ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ
മലപ്പുറം: ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ വിലയിരുത്തി. നാമനിർദേശപത്രിക സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി.
വേങ്ങരയിലെ പൂങ്കുടായ (വാർഡ് 03), മങ്കടയിലെ കടന്നമണ്ണ (വാർഡ് 04), കാലടിയിലെ വെറൂർ (വാർഡ് 12), താനാളൂരിലെ മൂലക്കൽ (വാർഡ് 01) വാർഡുകളിലാണ് 28ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
സുതാര്യവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തുന്നതിനുമായി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നു. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വരണാധികാരികളെയും ചുമതലപ്പെടുത്തി.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിക്കുന്നതും മറ്റ് നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതും ഉറപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ നിർദേശം നൽകി. വരണാധികാരികൾ ഇന്ന് ഫോം ഒന്ന് നോട്ടീസ് പ്രസിദ്ധീകരിക്കും.
എഡിഎം പി.ഒ. സാദിഖ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സി.കെ. നജീബ്, അഡീഷണൽ എസ്.പി. പി. ബിജുരാജ്, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി. സുരേഷ്, റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
