കോട്ടപ്പടി സ്റ്റേഡിയം നഗരസഭക്ക് വിട്ടുനൽകണം; കൗൺസിൽ യോഗത്തിൽ പ്രമേയം

August 18, 2026 - By MalappuramMedia


മലപ്പുറം: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കോട്ടപ്പടി സ്റ്റേഡിയം മലപ്പുറം നഗരസഭയ്ക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിൽ യോഗത്തിൽ പ്രമേയം. ഇൻകെൽ സിറ്റി 39-ാം വാർഡംഗം കെ.കെ. ഉമ്മറാണ് പ്രമേയം അവതരിപ്പിച്ചത്. വലിയവരമ്പ് 24-ാം വാർഡംഗം സി.ടി. മുഹമ്മദ് ഹർഷാദ് പിന്താങ്ങി.

നിലവിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ളതിനാൽ നഗരസഭ പരിധിയിലെ കായികതാരങ്ങൾക്കും വളർന്നുവരുന്ന കുട്ടികൾക്കും പ്രദേശവാസികൾക്കും പരിശീലനത്തിനായി സ്റ്റേഡിയം പലപ്പോഴും ലഭിക്കാറില്ലെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. നഗരസഭ സംഘടിപ്പിക്കുന്ന മത്സരങ്ങൾക്കും സ്റ്റേഡിയം ലഭ്യമാക്കുന്നതിൽ പ്രയാസം നേരിടുന്നുണ്ട്.

മുൻകാലങ്ങളിൽ പ്രദേശത്തെ ജനങ്ങളുടെ കായിക പരിശീലനത്തിന് ആശ്രയകേന്ദ്രമായിരുന്നു കോട്ടപ്പടി മൈതാനം. പഴയകാല ഫുട്ബോൾ താരങ്ങളെയടക്കം വളർത്തിയെടുത്ത മൈതാനം നഗരസഭയ്ക്ക് തിരികെ നൽകാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു. പ്രമേയം കൗൺസിൽ യോഗം ഐകകണ്ഠേന പാസാക്കി.

ഇതിനുപുറമെ, ചീരങ്ങൽമുക്ക് 41-ാം വാർഡിൽ ഉൾപ്പെടുന്ന മേൽമുറി വില്ലേജിലെ റീസർവേ നമ്പർ 1029-ലെ പുറമ്പോക്ക് ഭൂമി കുട്ടികളുടെയും യുവജനങ്ങളുടെയും കായിക വികസനത്തിനും കായിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും വിനിയോഗിക്കാൻ നഗരസഭയ്ക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ടുള്ള പ്രമേയവും യോഗം പാസാക്കി. വാർഡംഗം കെ. സെമീറ അവതരിപ്പിച്ച പ്രമേയത്തിന് പൊടിയാട് 44-ാം വാർഡംഗം തുമ്പത്ത് ജംഷീന സിദ്ധീഖ് പിന്തുണ നൽകി.

Recent

Load More