13 കാരിയെ പീഡിപ്പിച്ച കേസിൽ അരീക്കോട് സ്വദേശിയായ യുവാവിന് 51 വർഷം കഠിനതടവ്
മഞ്ചേരി: പതിമൂന്നുകാരിയെ വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 20കാരന് 51 വർഷം കഠിനതടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ ചാലിൽ ഷാനിലിനെയാണ് മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അടച്ചാൽ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി.
പെൺകുട്ടിയും പ്രതിയും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. സ്കൂളിലെ പരിചയം മുതലെടുത്ത് പ്രതി ഫോണിലൂടെ പെൺകുട്ടിയുമായി ബന്ധപ്പെടുകയും പ്രണയം നടിച്ച് വിവാഹവാഗ്ദാനം നൽകുകയുമായിരുന്നു. 18 വയസ്സ് പൂർത്തിയാകാത്ത സമയത്തും പ്രായപൂർത്തിയായ ശേഷവും 2024 ഏപ്രിലിൽ ലൈംഗികാതിക്രമം ആവർത്തിച്ചെന്നാണ് കേസ്.
ജൂൺ 12ന് വീട്ടിലെത്തിയ സഹോദരീഭർത്താവ് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടർന്ന് രക്ഷിതാക്കൾ കുട്ടിയെ കൗൺസലിങ്ങിന് വിധേയയാക്കി. കൗൺസലർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് അരീക്കോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.
2024 ജൂൺ 27നാണ് ഷാനിലിനെ അറസ്റ്റ് ചെയ്തത്.
