വൈലത്തൂർ ടൗൺ വീതികൂട്ടൽ: സൗജന്യമായി സ്ഥലം വിട്ടുനൽകാൻ സ്ഥലമുടമകൾ

September 23, 2026 - By Malapuram

വൈലത്തൂർ: ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണുന്നതിനായി ടൗൺ വീതികൂട്ടൽ പദ്ധതിക്ക് സ്ഥലം വിട്ടുനൽകാൻ സ്ഥലമുടമകൾ തയ്യാറായി. ടൗണിലെ റോഡുകളുടെ ഇരുവശത്തുമായി രണ്ട് മീറ്റർ വീതിയിൽ സ്ഥലം സൗജന്യമായി വിട്ടുനൽകാനാണ് മുപ്പതോളം സ്ഥലമുടമകൾ സമ്മതിച്ചത്.

പി.കെ. നവാസ് എം.എൽ.എ. വിളിച്ചുചേർത്ത യോഗത്തിലാണ് സ്ഥലമുടമകൾ ഇതുസംബന്ധിച്ച സമ്മതപത്രം കൈമാറിയത്. ഇതോടെ അങ്ങാടിയിലെ പൊതുമരാമത്ത് റോഡുകളുടെ ഇരുവശത്തുമായി ഏകദേശം 78 ശതമാനം സ്ഥലത്തും രണ്ട് മീറ്റർ വീതിയിൽ സ്ഥലം ലഭ്യമാകും.

28-ന് നിലവിലുള്ള പൊതുമരാമത്ത് റോഡുകളുടെ അതിർത്തി നിർണയിച്ച് മാർക്കിടുന്നതിനുള്ള സർവേ ആരംഭിക്കും. സ്ഥലം, കെട്ടിടം എന്നിവ വിട്ടുനൽകുന്നവർക്ക് കെട്ടിടനിർമാണച്ചട്ടങ്ങളിൽ ഇളവ് അനുവദിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. ഇതുസംബന്ധിച്ച് വിദഗ്ധസമിതി പരിശോധന നടത്തി റിപ്പോർട്ട് തയ്യാറാക്കും.

ടൗൺ പ്ലാൻ പ്രതിനിധി, തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ സാങ്കേതിക വിഭാഗം, പൊതുമരാമത്ത് വകുപ്പ്, റവന്യൂ വിഭാഗം എന്നിവരടങ്ങുന്നതായിരിക്കും വിദഗ്ധസമിതി. വികസനത്തിനായി പൊളിക്കേണ്ട കെട്ടിടങ്ങൾ ബലപ്പെടുത്തുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ പൊതുമരാമത്ത് റോഡ്സ് വിഭാഗം ഏറ്റെടുക്കും. വൈലത്തൂർ ടൗൺ നവീകരണത്തിനായി പ്രത്യേക നോഡൽ ഓഫീസറെ നിയമിക്കണമെന്നും സർക്കാരിനോട് ശുപാർശ ചെയ്യും.

പൊന്മുണ്ടം പഞ്ചായത്ത് ഹാളിൽ ചേർന്ന സ്ഥല-കെട്ടിട ഉടമകൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിൽ പി.കെ. നവാസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആർ. കോമുകുട്ടി വിഷയാവതരണം നടത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Category: താനൂർ

Recent

Load More