വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭച്ഛിദ്രം നടത്തിയെന്ന് പരാതി; യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു
പരപ്പനങ്ങാടി: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയും ഗർഭിണിയായതിനെത്തുടർന്ന് മരുന്ന് നൽകി ഗർഭച്ഛിദ്രം നടത്തുകയും ചെയ്തെന്ന കേസിൽ പ്രതി അറസ്റ്റിൽ. കണ്ണൂർ കടന്നപ്പള്ളി പാണപ്പുഴ കാരക്കുണ്ട് പൊന്നാൻകുഴി അലി അക്ബർ (36) ആണ് പരപ്പനങ്ങാടി പോലീസിന്റെ പിടിയിലായത്.
വിവാഹബന്ധം വേർപെടുത്തിയ യുവതിയെ വിവാഹം കഴിക്കാമെന്നും ആദ്യവിവാഹത്തിലുള്ള മകളെ സംരക്ഷിക്കാമെന്നും വിശ്വസിപ്പിച്ചാണ് പ്രതി യുവതിയുമായി അടുപ്പം സ്ഥാപിച്ചതെന്നാണ് കേസ്.
കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതി ബുധനാഴ്ച വീട്ടിൽ തിരിച്ചെത്തിയതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തിരൂരങ്ങാടി സി.ഐ. പ്രദീപിന്റെ നേതൃത്വത്തിൽ പരപ്പനങ്ങാടി എസ്.ഐ. ജയപ്രകാശും സി.പി.ഒ.മാരായ അർജുനും ജാഫറും ഉൾപ്പെട്ട സംഘമാണ് കണ്ണൂർ കാരക്കുണ്ടിലെ പ്രതിയുടെ വീട്ടിലെത്തി ഇയാളെ പിടികൂടിയത്.
പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി തിരൂർ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.
