യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു; ഭാര്യയോട് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പരാതി
പെരിന്തൽമണ്ണ: നഗരത്തിൽ നിന്ന് യുവാവിനെ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തതായി പരാതി. കാപ്പ് പൊന്നിയാംകുറിശ്ശി വീട്ടിൽ സൈതാലി ഷിബിൻ (25) ആണ് ആക്രമണത്തിനിരയായത്. പരിക്കേറ്റ ഇയാൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഒരു സംഘം ആളുകൾ ഷിബിനെ പെരിന്തൽമണ്ണ നഗരത്തിൽവെച്ച് ബലമായി കാറിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച സുഹൃത്തിനെ പ്രതികളിലൊരാൾ കത്തി വീശി പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.
കാറിനുള്ളിൽവെച്ചും പിന്നീട് അട്ടപ്പാടി ഭാഗത്തുള്ള പന്നിഫാമിൽ എത്തിച്ചും ഷിബിനെ മർദിച്ചതായാണ് പരാതി. കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയ സംഘം പോക്കറ്റിലുണ്ടായിരുന്ന 15,000 രൂപയും കവർന്നതായി പറയുന്നു. തുടർന്ന് ഷിബിന്റെ ഭാര്യയെ ഫോണിൽ വിളിച്ച് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്.
പോലീസ് പിന്തുടരുന്നതായി മനസ്സിലാക്കിയതോടെ പ്രതികൾ ഷിബിനെ ആനമങ്ങാട് ഭാഗത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.
